ബെംഗളൂരു: നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രോട്ടോക്കോള്‍ ഓഫീസറായ ബസവരാജാണ് നടിക്കെതിരേയും നടിയുടെ പിതാവും കര്‍ണാടക ഡിജിപിയുമായ കെ. രാമചന്ദ്രറാവുവിനെതിരേയും നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്.
ഡിജിപിയായ രാമചന്ദ്രറാവുവിന്റെ നിര്‍ദേശപ്രകാരമാണ് വിമാനത്താവളത്തില്‍ നടിക്കുവേണ്ട സഹായങ്ങള്‍ ചെയ്തിരുന്നതെന്നാണ് പോലീസ് കോണ്‍സ്റ്റബിളായ ബാസവരാജിന്റെ മൊഴി. മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാമചന്ദ്രറാവുവിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ബാസവരാജ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നടിയുടെ വരവും പോക്കും സുഗമമാക്കുക എന്നതായിരുന്നു തന്റെ ചുമതല. സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം വൈകീട്ട് 6.20-ഓടെ നടി രന്യ റാവു ഫോണില്‍ വിളിച്ചിരുന്നു. താന്‍ ദുബായില്‍നിന്ന് വരുന്നുണ്ടെന്നും പ്രോട്ടോക്കോള്‍ സഹായം വേണമെന്നുമാണ് നടി അറിയിച്ചതെന്നും ബാസവരാജ് നല്‍കിയ മൊഴിയിലുണ്ട്. നടിയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കുന്നതുവരെ നടിക്കൊപ്പം ബാസവരാജും ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഡിആര്‍ഐ സംഘം നടിയെ സ്വര്‍ണവുമായി പിടികൂടിയത്. ബാസവരാജിന്റെ സാന്നിധ്യത്തിലാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കേസിന്റെ മഹസര്‍ തയ്യാറാക്കിയത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് നാലാം തീയതി ബാസവരാജിനെ വിശദമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഉള്‍പ്പെടുത്തിയിരുന്നു.
ഏതാനും വര്‍ഷങ്ങളായി രന്യ റാവുവിനെ അറിയാമെന്ന് ബാസവരാജ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം, ഇത് തികച്ചും പ്രൊഫഷണല്‍ ബന്ധം മാത്രമാണെന്നും ഇദ്ദേഹം പറയുന്നു. വിമാനത്താവളത്തിലെ തന്റെ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്. മൂന്നോ നാലോ തവണ രന്യ റാവുവിന് പ്രോട്ടോക്കോള്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ബാസവരാജ് സമ്മതിച്ചിട്ടുണ്ട്.
മാര്‍ച്ച് മൂന്നാം തീയതിയാണ് നടി രന്യ റാവുവിനെ 14.2 കിലോ സ്വര്‍ണവുമായി ബെംഗളൂരു വിമാനത്താവളത്തില്‍ പിടികൂടിയത്. ഇതിനുപിന്നാലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണമായി രണ്ടുകോടി രൂപയും പിടിച്ചെടുത്തിരുന്നു.