
കണ്ണൂര്‍ : പാനൂര്‍ ബോംബ് സഫോടനക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍ ,ഷിബിന്‍ ലാല്‍ ,അതുല്‍ എന്നിവര്‍ക്കാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. സ്ഫോടനം നടന്ന് 90 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത് .
കഴിഞ്ഞ ഏപ്രിലില്‍ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു നാടിനെ നടുക്കിയ ബോംബ് സ്ഫോടനം.ആളൊഴിഞ്ഞ വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
സ്ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണത്തിന്റെ് മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിര്‍മാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിര്‍മിച്ചിരുന്നത്. കേസില്‍ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരില്‍ നാല് പേര്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമല്‍ ബാബു, അതുല്‍, സായൂജ്, ഷിജാല്‍ എന്നിവര്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.
ബോംബ് നിര്‍മാണത്തില്‍ യാതൊരു പങ്കും പാര്‍ട്ടിക്കില്ലെന്ന് കണ്ണൂരിലെ സിപിഐഎം നേതൃത്വം അറിയിച്ചിരുന്നു. പാനൂര്‍ വിഷയം നിഷേധിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെങ്കിലും സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രണ്ടാം പ്രതി ഷെറിലിന്റെ വീട്ടിലേക്ക് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ എത്തിയിരുന്നു.
ബോംബ് നിര്‍മാണത്തിന് പിന്നില്‍ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്റെ് തലവന്‍ കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്ത ദേവാനന്ദാണെന്നും പോലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മാര്‍ച്ച് എട്ടിന് കുയിമ്പില്‍ ക്ഷേത്രോത്സവത്തിനിടെയും സംഘര്‍ഷമുണ്ടായിരുന്നു. അതിന് ശേഷം മായിരുന്നു എതിരാളികളെ പേടിപ്പിക്കാന്‍ ബോംബ് നിര്‍മാണം തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.