പാലക്കാട്: കല്ലടിക്കോട് മരുതംകാട് രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയസംഭവത്തില്‍ സുഹൃത്തിനെ വെടിവെച്ചുകൊന്ന ശേഷം മറ്റെയാള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായി പൊലീസ്. സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. മരുംതംകാട് സ്വദേശി ബിനുവും (45) നിധിനുമാണ് (25) മരിച്ചത്.
ഇരുവരും അയല്‍ക്കാരാണ്. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചനയെന്ന് സംഭവസ്ഥലത്തെത്തിയ പാലക്കാട് എസ്പി അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിധിന്റെ മൃതദേഹം സ്വന്തം വീടിനകത്താണ് കണ്ടത്. കയ്യില്‍ കത്തിയുണ്ടായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ബിനു മരിച്ചുകിടക്കുന്നത് വീടിന് പുറത്തായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ നിതിന്റെ വീട്ടിലേക്ക് ബിനു എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അതിനിടെ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബിനു രണ്ട് ദിവസം മുമ്പ് നിതിനോട് മോശമായി സംസാരിച്ചിരുന്നുവെന്ന് നിതിന്റെ അമ്മ ഷൈല പറഞ്ഞു.
റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ബിനുവിന്റെ മൃതദേഹം ആദ്യം കണ്ടത് . പിന്നീടാണ് വീട്ടിലെ അടുക്കളയില്‍ നിതിന്റെ മൃതദേഹം കണ്ടെത്തിയത്. നിതിന്റെ മൃതദേഹത്തില്‍ പിറകിലും ബിനുവിന് മുന്‍ഭാഗത്തുമാണ് വെടിയേറ്റത്. വെടിയൊച്ചയോ മറ്റു ശബ്ദങ്ങളോ കേട്ടിട്ടിരുന്നില്ലെന്നു ടാപ്പിങ് തൊഴിലാളി പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.










