
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. ജോലി തിരക്കുള്ളതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതോടെ കുറ്റപത്രം വായിക്കുന്നതിന് തിരുവനന്തപുരം ഒന്നാം അഡീ.സെഷന്‍സ് കോടതി മാറ്റിവച്ചു. ആഗസ്റ്റ് 16 ലേക്കാണ് കേസ് മാറ്റിയത്. സംഭവം ഉണ്ടായി അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും കേസില്‍ വിചാരണ തുടങ്ങാനായിട്ടില്ല. ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമാണ് കേസില്‍ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ.എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.