- Crime

കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലപാതകശ്രമക്കേസ് പ്രതി

പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനുനേരെ ആക്രമണം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലം: കരുനാഗപ്പള്ളിയില്‍ കൊലപാതകശ്രമക്കേസ് പ്രതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. വീടിനു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയ അക്രമികള്‍ സന്തോഷിനെ വെട്ടുകയായിരുന്നു. കാല്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനുനേരെ ആക്രമണം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

2024 നവംബര്‍ 13-ന് പങ്കജ് എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇതിന്റെ വൈരാഗ്യമാണോ സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ സംശയം. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവര്‍ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. അതിനുശേഷമാണ് കൈക്കുവെട്ടിയത്.

സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതില്‍ രക്തംവാര്‍ന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

അക്രമി സംഘം പിന്നീട് ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെ വെട്ടി. തട്ടുകടയുടെ മുന്നിലായിരുന്നു വധശ്രമം. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനീറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയിലെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് സ്ഥലങ്ങളിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *