ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബസൂക്ക ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിലര്‍ ഉടന്‍ പുറത്തുവിടും. തികച്ചും നൂതനമായ ഒരു പ്രമേയവുമായി എത്തുന്ന ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
സിനിമയുടെ സംവിധാനം ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.
മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന തന്റെ സ്വപ്‌നത്തിന്റെ സാഫല്യമാണ് ‘ബസൂക്ക’ എന്നാണ് സംവിധായകന്‍ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നല്‍കിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ താന്‍ ത്രില്ലിലാണെന്ന് ഡിനോ പറയുന്നു.