
ദുബൈ: യുഎഇയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് മന്ത്രിസഭ പുന:സംഘടന പ്രഖ്യാപിച്ചത്. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ശൈഖ് ഹംദാന്‍ യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാകും. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഉപ പ്രധാനമന്ത്രിയുടെ ചുമതല നല്‍കി.
വിദ്യാഭ്യാസ, നൂതന സാങ്കേതിക വിദ്യ വകുപ്പ് സഹ മന്ത്രിയായിരുന്ന സാറ അല്‍ അമീരിയയാണ് വിദ്യാഭ്യാസ മന്ത്രി. മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ അബ്ദുര്‍റഹ്‌മാന്‍ അല്‍ അവാറിന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ വകുപ്പിന്റെ അധിക ചുമതല നല്‍കി. മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെല്‍ഹൂലാണ് കായിക മന്ത്രി. സംരംഭകത്വ വകുപ്പിന്റെ സഹ മന്ത്രിയായി ആലിയ അബ്ദുല്ല അല്‍ മസ്റൂയിയെ നിയമിച്ചു.
മന്ത്രിസഭ പുനസംഘടനക്കൊപ്പം ഹ്യൂമണ്‍ റിസോഴ്സ് കൗണ്‍സിലും വിപുലീകരിച്ചു. കമ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രാലയത്തെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എല്ലാ മാറ്റങ്ങളും അദ്ദേഹം അംഗീകരിച്ചതായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു.