
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്ഐ. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തി. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്ഐക്ക് ഉണ്ട്. കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മുമ്പും മോശമായി പെരുമാറിയിട്ടുണ്ടെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജ്. കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് പ്രിന്‍സിപ്പാലിനെ നേരെ എസ്എഫ്ഐയുടെ ഭീഷണി.
അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐക്ക് അറിയാം. ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമാനിച്ചിട്ടില്ല അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്യുമെന്ന് നവതേജ് പറഞ്ഞു. കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍കുമാര്‍, അധ്യാപകനായ രമേശന്‍ എന്നിവരെ മര്‍ദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്‌ഐ ഹെല്‍പ്ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അനുവദിക്കാതിരുന്നപ്പോള്‍ മറ്റ് അധ്യാപകര്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അധ്യാപകനായ രമേശന് പരിക്കേറ്റത്.
ഇരുകൂട്ടരുടെയും പരാതിയില്‍ പ്രിന്‍സിപ്പലിന് എതിരെയും, കണ്ടാല്‍ അറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കൊയിലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രിന്‍സിപ്പലിന് എതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത് ഉന്തുംതള്ളിലും കലാശിച്ചു. അതേസമയം എസ്എഫ്ഐ പ്രവര്‍ത്തകനെ താന്‍ മര്‍ദിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.