തിരുവനന്തപുരം: വൈസ്ചാന്‍സലറുടെ സവിശേഷ അധികാരമുപയോഗിച്ചാണ് ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വകലാശാല നിയമത്തിലെ 10(13) സെക്ഷന്‍ പ്രകാരമാണ് വി.സിക്ക് സവിശേഷ അധികാരമുള്ളത്.
സിന്‍ഡിക്കേറ്റോ അക്കാഡമിക് കൗണ്‍സിലോ ചേരാത്ത സാഹചര്യങ്ങളില്‍ അടിയന്തര ഘട്ടമുണ്ടായാല്‍ സിന്‍ഡിക്കേറ്റിന്റെയും അക്കാഡമിക് കൗണ്‍സിലിന്റെയും അധികാരമുപയോഗിച്ച് വി.സിക്ക് നടപടിയെടുക്കാം. ഇത് അടുത്ത സിന്‍ഡിക്കേറ്റിലോ അക്കാഡമിക് കൗണ്‍സിലിലോ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാവും. അല്ലാതെ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ അംഗീകാരമോ സാധൂകരണമോ നേടേണ്ടതില്ല. സാധാരണ ഗതിയില്‍ ഈ അധികാരമുപയോഗിച്ച് വി.സിമാര്‍ കടുത്ത നടപടികളെടുക്കാറില്ല. അതേസമയം, സിന്‍ഡിക്കേറ്റ് യോഗങ്ങളിലെ 75 ശതമാനം അജന്‍ഡകളും അടിയന്തര തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ളതാണ്. റഷ്യയിലേക്ക് തിരിക്കും മുന്‍പ് രജിസ്ട്രാര്‍ക്കെതിരായ അന്വേഷണത്തിന്റെയും നടപടിയുടെയും വിവരങ്ങള്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വി.സി കൈമാറിയിട്ടുണ്ട്.
സസ്‌പെന്‍ഷന്‍ റദ്ദാക്കി രജിസ്ട്രാറെ തുടരാന്‍ അനുവദിക്കുമെന്നാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ സിന്‍ഡിക്കേറ്റിന്റെ അദ്ധ്യക്ഷനായ വി.സിയാണ് യോഗം വിളിച്ചുചേര്‍ക്കേണ്ടത്. അല്ലെങ്കില്‍ വി.സി യോഗം വിളിക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തണം. അറുപത് ദിവസത്തിലൊരിക്കലാണ് സിന്‍ഡിക്കേറ്റ് ചേരേണ്ടത്. 10 ദിവസം മുന്‍പ് സിന്‍ഡിക്കേറ്റ് ചേര്‍ന്നിരുന്നു. സിന്‍ഡിക്കേറ്റംഗങ്ങള്‍ ചേര്‍ന്ന് യോഗം നടത്തി തീരുമാനമെടുത്താലും അത് അംഗീകരിക്കേണ്ടത് വി.സിയാണ്.