ഇടുക്കി: കാലവര്‍ഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. വൈദ്യുതി ബോര്‍ഡിന്റെ 16 ഡാമുകളില്‍ 12ലും ജലനിരപ്പ് 50 ശതമാനത്തിന് മുകളിലാണ്. നാലെണ്ണത്തില്‍ 90 ശതമാനത്തിന് മുകളിലും. ഏഴ് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ജലസേചന വകുപ്പിന്റെ ഇരുപതില്‍ 18 ഡാമുകളിലും ജലനിരപ്പ് 60 ശതമാനത്തിന് മുകളിലാണ്. 12 ഡാമുകളുടെ ഷട്ടര്‍ തുറന്നു.
വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഡാമുകളില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 35 ശതമാനമായിരുന്നു ജലനിരപ്പ്. ഇടുക്കി ഡാമില്‍ 2364.22 അടിയാണ് നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. കേന്ദ്ര ജലകമ്മിഷന്റെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം മൂന്നടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2373.33 അടിയെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട്. 2374.33 അടിയെത്തിയാല്‍ റെഡ് അലര്‍ട്ട്. തുടര്‍ന്ന് ഡാം തുറക്കാനുള്ള നടപടികള്‍ ആരംഭിക്കും.
പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്ന 13 സ്പില്‍വേ ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. 136.25 അടിയാണ് നിലവിലെ ജലനിരപ്പ്. തുറന്നിരിക്കുന്ന 10 ഷട്ടര്‍വഴി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 194.77 ഘനയടിയായി കുറച്ചു. സെക്കന്‍ഡില്‍ 1505.47 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2117 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.