കോഴിക്കോട്: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എട്ടിന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ സര്‍വീസ് നിറുത്തി സൂചന പണിമുടക്ക് നടത്തും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിറുത്താന്‍ ബസുടമ സംയുക്ത സമിതി തീരുമാനിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 13 വര്‍ഷമായി പുതുക്കിയിട്ടില്ല. യാത്രക്കാരില്‍ പകുതിയിലധികവും വിദ്യാര്‍ത്ഥികളാണ്. ഡീസലടിക്കാനുള്ള പണം പോലും കിട്ടുന്നില്ലെന്ന് ബസുടമകള്‍ പറയുന്നു. നിരക്ക് വര്‍ദ്ധന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനും ഡോ രവി രാമന്‍ കമ്മിഷനും ശുപാര്‍ശ ചെയ്തിട്ടും നടപ്പാക്കിയില്ല. തൊഴിലാളികള്‍ക്ക് പൊലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും വിനയാണ്. ജീവനക്കാരിലധികവും രാഷ്ട്രീയബന്ധമുള്ളതിനാല്‍ സമരങ്ങളില്‍ പങ്കെടുത്തതിന് കേസുള്ളവരാണ്. അതുകൊണ്ട് ക്‌ളിയറന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. തെറ്റ് എന്തെന്ന് ബോദ്ധ്യപ്പെടുത്താതെയും ഹിയറിംഗ് നടത്താതെയും ഫോട്ടോയെടുത്ത് ഇ ചലാന്‍ വഴി അമിത പിഴ ഈടാക്കുന്നു. സ്റ്റേജ്കാര്യേജുകളില്‍ മാത്രം ജി.പി.എസ്. സ്പീഡ് ഗവര്‍ണര്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുമുണ്ട്.