പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം മലയാളികള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗില്‍. ഒരു സമയത്ത് വറുക്കപ്പെട്ടവനായിരുന്ന ഗാഡ്ഗില്‍ ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയാണ്. ഗാഡ്ഗിലിന്റെ പ്രവചന സ്വഭാവമുള്ള വാക്കുകള്‍ ഇന്ന് പലരും ഓര്‍ത്തെടുത്ത് പറയുന്നുണ്ട്.
കേരളത്തിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുന്ന ഒരു റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതാണ് മാധവ് ഗാഡ്ഗിലിനെ പലരുടെയും കണ്ണിലെ കരടാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് 13 വര്‍ഷം പഴക്കമായി. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടും.
അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നീട് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പശ്ചിമഘട്ടമലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമടങ്ങുന്ന പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠിച്ച്, റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധസമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ ജൈവവൈവിദ്ധ്യ-പരിസ്ഥിതിസംരക്ഷണമേഖലകളിലെ 14 വിദഗ്ദ്ധരടങ്ങിയതായിരുന്നു സമിതി. 2010ലായിരുന്ന സമിതി രൂപീകരിച്ചത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എന്നാണ് സമിതി അന്വേഷിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അറിയപ്പെടുന്നത്.
പരിസ്ഥിതിസംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായിനടത്തിയ വിശദമായ സംവാദങ്ങള്‍ക്കും സാങ്കേതികചര്‍ച്ചകള്‍ക്കും അഭിപ്രായരൂപീകരണത്തിനുംശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗില്‍ സമിതി 522 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഗാഡ്ഗില്‍ നേരിട്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്.
മാധവ് ഗാഡ്ഗില്‍ സമിതിയുടെ ഈ റിപ്പോര്‍ട്ടിനെതിരെ കടുത്ത പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. അതേസമയം, ഭൂമാഫിയായും റിസോര്‍ട്ടുടമകളും പാറമടലോബിയുമൊക്കെയാണ് റിപ്പോര്‍ട്ടിനെതിരെ കരുക്കള്‍ നീക്കിയതെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. പ്രതിഷേധവും എഥിര്‍പ്പും കനത്തതോടെ ആശങ്കകള്‍ പരിഗണിച്ചും ഗാഡ്ഗില്‍സമിതി ശുപാര്‍ശകള്‍ വിലയിരുത്തിയും പ്രത്യേകറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന നിര്‍ദ്ദേശത്തോടെ കേന്ദ്ര ആസൂത്രണക്കമ്മീഷനംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഹൈ ലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് എന്ന ഈ സമിതിയാണ്, കസ്തൂരിരംഗന്‍ കമ്മറ്റി എന്നറിയപ്പെടുന്നത്.
എന്നാല്‍ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗില്‍സമിതി ശുപാര്‍ശകളെ തത്വത്തിലംഗീകരിക്കുന്ന നിലപാടാണ്, കസ്തൂരിരംഗന്‍സമിതിയും മുന്നോട്ടുവച്ചത്. എന്നാല്‍ പശ്ചിമഘട്ടമലനിരകളുടെ നാലില്‍ മൂന്നുഭാഗവും പരിസ്ഥിതിദുര്‍ബലപ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗില്‍ ശുപാര്‍ശകളില്‍ കസ്തൂരിരംഗന്‍ സമിതി വിയോജിപ്പു രേഖപ്പെടുത്തി.
കുടിയേറ്റ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധമുയരാന്‍ കാരണം. ഗാഡ്ഗിലിനെ അനുകൂലിച്ചവര്‍ക്കെതിരെയും കടുത്ത വിമര്‍ശനമുയര്‍ന്നു. താന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നായിരുന്നു വിമര്‍ശനങ്ങളോട് ഗാഡ്ഗിലിന്റെ സമീപനം.
പ്രകൃതി ദുരന്തങ്ങളൊരോന്നും വരുമ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമായിമാത്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും മാറി. ദുരന്തം സ്മൃതികളിലേക്ക് മറയുന്നതിനൊപ്പം ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകളും എല്ലാവരും മറക്കും.