
കല്‍പറ്റ: കേരളത്തിന്റെ തീരാനൊമ്പരമായി മാറുകയാണ് ചൂരല്‍മല. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് നടുക്കുന്ന കാഴ്ചകളാണ് കാണാന്‍ സാധിച്ചത്. ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ടുകിടക്കുന്ന നിലയിലായിരുന്നു. ചൂരല്‍മല അങ്ങാടി തന്നെ ഇല്ലാതായി. എത്ര വീടുകള്‍ നശിച്ചുവെന്ന് ഇനിയും കൃത്യമായി കണക്കാക്കാനാവുന്നില്ല.
മുണ്ടക്കൈയില്‍ പല വീടുകളുടേയും തറ മാത്രമാണ് ബാക്കിയുള്ളത്. മൃതദേഹങ്ങള്‍ പല ഭാഗത്തായി ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ കിടക്കുന്നതായി അറിയുന്നു.
ഇന്നലെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം കുറച്ചുസമയത്തേക്ക് നിര്‍ത്തേണ്ടി വന്നിരുന്നു. വീടുകള്‍ തകര്‍ന്നതോടെ ആളുകള്‍ ഭക്ഷണവും വെള്ളവുമില്ലാത വലയുകയാണ്. വൈദ്യുതിബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടരുകയാണ്.