
മേപ്പാടി: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 251 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും തിരച്ചില്‍ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍. രാവിലെ ഇവിടെ സൈനികര്‍ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ പൂര്‍ണമായി മാറ്റാന്‍ സാധിച്ചിരുന്നില്ല.
വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍, മുണ്ടക്കൈ പൂര്‍ണ്ണമായും തകര്‍ന്നെന്നാണ് വിലയിരുത്തല്‍. മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്നും അവലോകന യോഗം വിലയിരുത്തി. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. തെരച്ചിലിന് അതീവ ദുഷ്‌കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്. ഇതിനിടെയാണ് പ്രതികൂലമായ കാലവസ്ഥയും വിലങ്ങുതടിയാകുന്നത്.