• Home  
  • വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നെന്നും ഇല്ലെന്നും; എന്താണ് സത്യം
- Keralam

വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നെന്നും ഇല്ലെന്നും; എന്താണ് സത്യം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചും ദുരന്തത്തെത്തുറിച്ചും കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നോ? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തര്‍ക്കത്തിലാണ്. വയനാടിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ അത് നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുകയായിരുന്നു. രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തള്ളിയത്. തള്ളിപ്പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാരും വാര്‍ത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചും ദുരന്തത്തെത്തുറിച്ചും കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നോ? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തര്‍ക്കത്തിലാണ്. വയനാടിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ അത് നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുകയായിരുന്നു.

രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തള്ളിയത്. തള്ളിപ്പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാരും വാര്‍ത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നുവെന്നും റെഡ് അലര്‍ട്ട് നല്‍കിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ വിശദീകരണത്തില്‍ പറയുന്നു.

അമിത് ഷാ തന്റെ പ്രസംഗത്തില്‍ റെഡ് അലര്‍ട്ട് എന്ന് പറഞ്ഞിട്ടില്ല. കനത്ത മഴ പെയ്താല്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ് വയനാടെന്നും അതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റണമായിരുവെന്നുമാണ് അമിത് ഷാ പറഞ്ഞതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

2019 ഓഗസ്റ്റില്‍ മലപ്പുറത്ത് സംഭവിച്ച ഉരുള്‍പൊട്ടല്‍ ഈ പ്രദേശത്തിന്റെ ഭൂസവിശേഷത വ്യക്തമായതാണ്. അന്നത്തെ സംഭവത്തിന് ശേഷം ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ മേഖലയില്‍ ശക്തിപ്പെടുത്തിയിരുന്നു. മേഖലയില്‍ ദുരന്തം മുന്‍കൂട്ടി മനസിലാക്കി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത്. ഐഐടി ദില്ലി നടത്തിയ പഠനത്തില്‍ കേരളത്തിലെ 14.32 ശതമാനം മേഖലകളും പ്രകൃതി ദുരന്ത സാധ്യതാ മേഖലയാണെന്നും 15.73 ശതമാനം പ്രദേശങ്ങള്‍ അതീവ ദുരന്ത സാധ്യതാ മേഖലയാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശവും അതു തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും ചര്‍ച്ചയാവുകയാണ്. യാഥാര്‍ഥത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഈ ദിവസങ്ങളിലൊന്നുംതന്നെ ജില്ലയ്ക്ക് ചുവപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ വയനാട് സ്ഥാപിച്ചിട്ടുള്ള ലാന്‍ഡ്സ്ലൈഡ് വാണിങ് സംവിധാനത്തിലും ഈ ദിവസങ്ങളിലൊന്നും ചുവപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.

കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് അമിത്ഷാ പറയുന്ന 23-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രമാണ് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരുന്നത്. 25-ന് ഈ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും നല്‍കിയിരുന്നു. ആ ദിവസം വയനാട് ജില്ലയ്ക്ക് മഞ്ഞ മുന്നറിയിപ്പായിരുന്നു. 29-ന് ഉച്ചയ്ക്ക് നല്‍കിയതും മഞ്ഞ മുന്നറിയിപ്പാണ്. ദുരന്തം കഴിഞ്ഞശേഷം രാവിലെമാത്രമാണ് വയനാടിന് റെഡ് അലര്‍ട്ടും അതിതീവ്രമഴ മുന്നറിയിപ്പും ഉണ്ടായത്.

കേന്ദ്രം വയനാട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനത്തില്‍നിന്ന് 29-ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തുവന്ന അറിയിപ്പിലും ജില്ലയ്ക്ക് പൂര്‍ണമായും പച്ച മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. ഉരുള്‍പൊട്ടലിന് തീരെ സാധ്യതയില്ലെന്നാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍, ചെറിയതോതിലുളള ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ തള്ളിക്കളയുന്നുമില്ല.

Leave a comment

Your email address will not be published. Required fields are marked *