
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് ആശങ്ക. നിപ്പ സംശയിച്ച് ചികിത്സയിലുള്ള പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവായതോടെയാണ് ആശങ്ക ബലപ്പെട്ടത്. പുണെയിലെ പരിശോധനാ ഫലം വന്നശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. പ്രാഥമിക പരിശോധനകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇനി പുണെ വൈറോളജി ലാബിലെ പരിശോധനാ ഫലമാണ് പുറത്തുവരാനുള്ളത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി പുണെയിലേക്ക് സാംപിള്‍ അയച്ചത്.
ഗുരുതരാവസ്ഥയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പ്രത്യേക നിരീക്ഷണത്തിലാണ്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.