കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി. എസ്ഐടി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമുള്ള ഇടക്കാല ഉത്തരവിലാണ് ഈ നിര്‍ദേശം. അടച്ചിട്ട മുറികളിലാണ് കോടതി വാദം കേട്ടത്. ശബരിമല സ്വര്‍ണക്കൊളളയില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്. കേസ് നവംബര്‍ 15ന് പരിഗണിക്കാനായി മാറ്റി.
നിലവിലെ കേസിലെ ചില കക്ഷികളെ ഒഴിവാക്കി കൃത്യമായ കക്ഷികളെ മാത്രം ഉള്‍പ്പെടുത്തിയാണ് പുതിയ കേസെടുക്കുക. സര്‍ക്കാരിനെയും, ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും മാത്രം എതിര്‍കക്ഷികളാക്കിയാണ് കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക.
ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍ വി, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി നടപടികള്‍ അടച്ചിട്ട മുറിയിലാണ് നടക്കുകയെന്നത് കഴിഞ്ഞദിവസമാണ് കോടതി രജിസ്ട്രി അറിയിച്ചത്. അതുകൊണ്ടുതന്നെ വാദം നടക്കുന്നിടത്തേക്ക് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായില്ല. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒപ്പം വിഷയം സെന്‍സേഷണലൈസ് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരും മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.










