തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പോത്തന്‍കോട് സ്വദേശിയായ എഴുപത്തിയെട്ടുകാരന്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരം മൂലം മരിച്ചത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്ന രോഗമാണ് കേരളത്തില്‍ ദിവസവും രണ്ടും മൂന്നും പേര്‍ക്ക് വീതം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കായിരുന്നു രോഗബാധയെങ്കില്‍ ഈ വര്‍ഷം ഇതുവരെ മാത്രം 129 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഈ മാസം ഇതുവരെ മാത്രം 41 പേര്‍ക്കാണ് അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷമാകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകള്‍ ഒരൊറ്റ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വിമിംഗ് പൂളില്‍ തുടങ്ങി കുളവും കിണറും ടാങ്കും ഒക്കെ രോഗവാഹിനികളാകുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മസ്തിഷ്‌കജ്വര കേസുകളിലെല്ലാം അമീബിക്കാണോ എന്ന പരിശോധന പ്രത്യേകം നടത്തുന്നുണ്ട്. ഇതാണ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു കാരണം. എന്നാല്‍ മിക്ക കേസുകളിലും രോഗഉറവിടം അവ്യക്തമാണ്.










