തിരുവനന്തപുരം: മൂന്നുപേരുടെ നിരാഹാര സമരം ഏഴാംദിവസം പിന്നിട്ടിട്ടും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധത്തിനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. സമരത്തിന്റെ അന്‍പതാം ദിവസമായ തിങ്കളാഴ്ചയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധിക്കുന്നത്.
സര്‍ക്കാര്‍ അനുഭാവം കാണിക്കാത്ത സാഹചര്യത്തിലാണ് മുടിമുറിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആശാവര്‍ക്കര്‍മാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മാസങ്ങളായി വാടകപോലും നല്കാനാവാത്ത സ്ഥിതിയിലാണ് പലരുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു.സമരം ചെയ്തവര്‍ക്ക് ഫെബ്രുവരിയില്‍ ഓണറേറിയം ലഭിച്ചിട്ടില്ല.ഓണറേറിയത്തിന്റെ മാനദണ്ഡം എടുത്ത് മാറ്റിയ സ്ഥിതിക്ക് എല്ലാവര്ക്കും ഓണറേറിയത്തിന് അര്‍ഹതയുണ്ട്.
യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ആശമാര്‍ക്ക് അധികവേതനം നല്കാന് തനത് ഫണ്ടില്‍നിന്ന് തുക മാറ്റിവച്ചിട്ടുണ്ടെന്നും എന്നാല്‍ ജില്ലാ ആസൂത്രണസമിതിയുടെ അനുമതിയില്ലാതെ ഇത് നടപ്പാക്കാനാകില്ലെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് സമരനേതാക്കള്‍ പറഞ്ഞു.