തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്നലെ രാജ്ഭവനില്‍ തങ്ങിയ രാഷ്ട്രപതി ഇന്നു ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ 7.25ന് ശബരിമലയിലേക്ക് യാത്ര തിരിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടറിലാണ് യാത്ര ചെയ്തത്. മോശം കാലാവസ്ഥയെ തുടര്‍ന്ന്, മുന്‍കൂട്ടി തീരുമാനിച്ചതില്‍നിന്ന് വ്യത്യസ്തമായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഹെലികോപ്ടര്‍ ഇറങ്ങിയത്. ഇവിടെ നിന്ന് കാറില്‍ പമ്പയിലേയ്ക്ക് തിരിച്ചു. നിലയ്ക്കല്‍ ഹെലിപ്പാഡില്‍ ഇറങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
ദേവസ്വംമന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ പ്രമാടത്ത് രാഷ്ട്രപതിയെ സ്വീകരിച്ചു. പമ്പയില്‍നിന്ന് പ്രത്യേക ഗൂര്‍ഖാവാഹനത്തില്‍ സന്നിധാനത്തുമെത്തും. സന്നിധാനത്ത് മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. പകല്‍ 12.20നും ഒന്നിനും ഇടയിലാണ് സന്നിധാനത്ത് ദര്‍ശനം. രാഷ്ട്രപതിക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറും ഭാര്യയുമുണ്ടാകും.
തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ കോംപ്ലക്‌സില്‍ വിശ്രമം. വൈകിട്ട് മൂന്നിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് തിരിക്കും. 3.30ഓടെ പമ്പയിലെത്തും. 4.10ന് നിലയ്ക്കല്‍ ഹെലിപ്പാഡില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും. 5.05ന് എത്തും. രാഷ്ട്രപതിയുടെ ബഹുമാനാര്‍ഥം ഗവര്‍ണര്‍ ഇന്ന് അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്.
നാളെ 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററില്‍ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോര്‍ട്ടില്‍ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംബന്ധിച്ച്, വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു തിരിക്കും.










