- Keralam

മാറ്റങ്ങളുമായി പുതിയ സാമ്പത്തികവര്‍ഷത്തിനു തുടക്കം

കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്.

തിരുവനന്തപുരം: ഒട്ടേറെ മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കമായി. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്.

മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ സ്‌കീം ഇന്ന്മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് മാറാന്‍ ജൂണ്‍ 30 ന് മുന്‍പ് ഓപ്ഷന്‍ നല്‍കണം.

ആദായ നികുതി പുതിയ സ്ലാബില്‍ പൂര്‍ണമായും ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും. 15 വര്‍ഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും റോഡ് നികുതി 900 രൂപയില്‍ നിന്ന് 1350 രൂപ ആകും.

750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ല്‍ നിന്ന് 9600 രൂപ ആകും. കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതികളില്‍ മാറ്റം വരും
ഇന്ന് മുതല്‍ 15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്.

24 മണിക്കൂര്‍ എങ്കിലും ഒരു ജില്ലയില്‍ മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം ലഭിക്കും.
ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല. കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്പളം 5 ശതമാനം ഉയരും

Leave a comment

Your email address will not be published. Required fields are marked *