
അഹമ്മദാബാദ്: അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് ഗുജറാത്തില്‍ രണ്ടു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ, അപൂര്‍വ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സബര്‍കാന്തയിലെ ഹിമത്നഗറിലെ സിവില്‍ ആശുപത്രിയിലാണ് ആദ്യത്തെ നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാനില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തില്‍ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാന്‍ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. സബര്‍കാന്ത ജില്ലയില്‍ നിന്നുള്ള രണ്ടും ആരവല്ലിയില്‍ നിന്നുള്ള മൂന്നും മഹിസാഗര്‍, രാജ്കോട്ട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. വൈറസിനെക്കുറിച്ചു പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. മരണസാധ്യത കൂടുതലായ രോഗത്തിനു എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ടെന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളേയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും മന്ത്രി അറിയിച്ചു.