
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരുസഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.
ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. ഈ വര്‍ഷം ഇത് രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ആയിരുന്നു ഇത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച നിര്‍മല സീതാരാമന്‍ 58 മിനിറ്റുകള്‍കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആയിരുന്നു 2024 ഫെബ്രുവരിയില്‍ നടന്നത്.
ഇന്ത്യയുടെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയായ നിര്‍മല സീതാരാമന്‍ ഒരു ഇടക്കാല ബജറ്റ് ഉള്‍പ്പെടെ ആറ് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019,2020,2021,2022, 2023 വര്‍ഷങ്ങളിലായി അഞ്ച് സമ്പൂര്‍ണ ബജറ്റുകളാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്.
ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ നിര്‍മല സീതാരാമന്‍ ഏറ്റവുംകൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോര്‍ഡ് മറിടക്കും.