
ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിംഗ് സെന്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടെ അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ വേഗത്തില്‍ വണ്ടി ഓടിച്ച് കെട്ടിടത്തിന്റെ ഗേറ്റ് തകര്‍ത്ത ഡ്രൈവര്‍ എന്നിവരടക്കം ആണ് അറസ്റ്റിലായത്. വാണിജ്യപരമായ ഒരാവശ്യത്തിനും ബേസ്‌മെന്റുകളില്‍ അനുമതിയില്ലെന്ന് ഡിസിപി എം ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയം ഇന്ന് കെ സി വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ചു. സ്ഥാപനം അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും കോച്ചിംഗ് സെന്റര്‍ മാഫിയ തന്നെയുണ്ടെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഗുരുതര നിയമലംഘനങ്ങളുമായി പ്രവര്‍ത്തിച്ചിരുന്ന റാവൂസ് കോച്ചിംഗ് സെന്റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. പാര്‍ക്കിങിനുള്ള ബേസ്‌മെന്റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തിയിരുന്നു.