
ഡല്‍ഹി: നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പട്‌ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെ സിബിഐ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോക്ടര്‍മാരുടെ മുറികള്‍ സീല്‍ ചെയ്ത സിബിഐ അവരുടെ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നിര്‍ണായക നീക്കം.
ബിഹാറിലെ ഹസാരിബാഗിലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ട്രങ്കില്‍ നിന്ന് നീറ്റ്-യുജി പേപ്പര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പങ്കജ് കുമാറിനെയും ഇയാളുടെ കൂട്ടാളി രാജു സിംഗിനെയും സിബിഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്തത്. പങ്കജ് കുമാറിനെ പട്നയില്‍ നിന്നും രാജു സിംഗിനെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുമാണ് പിടികൂടിയത്.
അതേസമയം നീറ്റില്‍ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ എന്‍ ടി എ, കേന്ദ്രം എന്നിവര്‍ നല്‍കിയ സത്യവാങ്മൂലം കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.