
ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. എയിംസടക്കം കേരളത്തിനനുകൂലമായ നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഇത്തവണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.
ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍മ്മല സീതാരാമന്റെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ടാണ് സാമ്പത്തിക സര്‍വേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.