
ന്യൂഡല്‍ഹി: തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുമുള്ള പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്. പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ട്. ഇപിഎഫ് അക്കൗണ്ട് എടുക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. 210 ലക്ഷം യുവാക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിനും ബിഹാറിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കി. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കിയിട്ടുണ്ട്. വായ്പ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് ( പിഎംഎംവൈ) കീഴിലുള്ള ഒരു പദ്ധതിയാണ് മൈക്രോ യൂണിറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി ( മുദ്ര). 2015-ല്‍ ആരംഭിച്ച ഈ സ്‌കീം പ്രകാരം ഇതുവരെ 10,00,000 രൂപ വരെയുള്ള ബിസിനസ് ലോണുകള്‍ ലഭ്യമാക്കുന്നു . മറ്റ് ബിസിനസ് ലോണുകളില്‍ നിന്ന് വ്യത്യസ്തമായി, മുദ്ര ലോണുകള്‍ ഈടില്ലാതെ ലഭിക്കുമെന്നുള്ളതാണ് പ്രത്യേകത.
സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക നടപടി. 20 ലക്ഷ്യം യുവാക്കള്‍ക്ക് പരിശീലനം നല്‍കും. വിദ്യാഭ്യാസ ലോണിന് വായ്പയ്ക്ക് യോഗ്യതയില്ലാത്തവര്‍ക്കും സഹായം നല്‍കും. 5 വര്‍ഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഗവേഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.