• Home  
  • 13 നിയമസഭാ സീറ്റുകളിലെ വോട്ടെടുപ്പ് തുടങ്ങി; ഇരുമുന്നണികള്‍ക്കും പ്രസ്റ്റീജ് പോരാട്ടം
- National

13 നിയമസഭാ സീറ്റുകളിലെ വോട്ടെടുപ്പ് തുടങ്ങി; ഇരുമുന്നണികള്‍ക്കും പ്രസ്റ്റീജ് പോരാട്ടം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യവും നേര്‍ക്കുനേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണെന്നുള്ള പ്രത്യേകതയുണ്ട്. റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സാമാജികരുടെ മരണത്തേയും രാജിയേയും തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാലു സീറ്റുകളിലാണ് പശ്ചിമ ബംഗാളില്‍ […]

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യവും നേര്‍ക്കുനേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണെന്നുള്ള പ്രത്യേകതയുണ്ട്.

റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സാമാജികരുടെ മരണത്തേയും രാജിയേയും തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

നാലു സീറ്റുകളിലാണ് പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ്. ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളാണ്.

മൂന്ന് സീറ്റുകളിലാണ് ഹിമാചലില്‍ ഉപതിരഞ്ഞെടുപ്പ്. ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സ്വതന്ത്ര എംഎല്‍എമാരായിരുന്നു ഇവിടങ്ങളില്‍. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇവര്‍ ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുകയും പിന്നീട് രാജിവെക്കുകയുമായിരുന്നു. ബിജെപി ടിക്കറ്റില്‍ ഈ സ്വതന്ത്ര എംഎല്‍എമാരാണ് മത്സരിക്കുന്നത്.

രണ്ട് സീറ്റുകളിലാണ് ഉത്തരാഖണ്ഢില്‍ ഉപതിരഞ്ഞെടുപ്പ്. ബദരീനാഥ്, മംഗളൂര്‍ എന്നീ സീറ്റുകളിലാണ് വോട്ടെടുപ്പ്. വിക്രവണ്ടി സീറ്റിലാണ് തമിഴ്‌നാട്ടിലെ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് എംഎല്‍എ ഡിഎംകെയുടെ എന്‍. പുകഴേന്തിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്‍ഡിഎ ഘടകകക്ഷിയായ അന്‍പുമണി രാംദാസിന്റെ പി.എം.കെയും എന്‍ടികെയുമാണ് ഡിഎംകെയുടെ പ്രധാന എതിരാളികള്‍. എഐഎഡിഎംകെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടുണ്ട്.

റുപൗലിയിലാണ് ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിയുവിന്റെ സിറ്റിങ് സീറ്റില്‍ എംഎല്‍എ ആയിരുന്ന ബിമ ഭാരതി രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. പുര്‍ണിയ ലോക്സഭാ സീറ്റില്‍ മത്സരിച്ച് തോറ്റ ബിമ ഭാരതി തന്നെയാണ് ആര്‍ജെഡിയുടെ സ്ഥാനാര്‍ഥി.

അമര്‍വാര സീറ്റിലാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇവിടുത്തെ എംഎല്‍എ കമലേഷ് ഷാ ബിജെപിയിലേക്ക് ചേക്കേറി. കമല്‍നാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയില്‍ ഉള്‍പ്പെട്ട മണ്ഡലമാണ് അമര്‍വാര. കമലേഷ് ഷാ ഇത്തവണ ബിജെപി കുപ്പായമണിഞ്ഞ് ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ധീരന്‍ ഷാ ഇന്‍വതിയെ ആണ് സ്ഥാനാര്‍ഥി ആക്കിയിരിക്കുന്നത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ എഎഎപി എംഎല്‍എ ആയിരുന്ന ശീതള്‍ അംഗുറല്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ഭഗവന്ദ് മന്‍ ഇവിടെ വീട് വാടകയ്ക്കെടുത്ത് ക്യാമ്പ് ചെയ്താണ് എഎപിക്കായി പ്രചാരണം നടത്തിയിരുന്നത്. മൊഹിന്ദര്‍ ഭഗത് ആണ് എഎപിയുടെ സ്ഥാനാര്‍ഥി. എഎപി വിട്ടെത്തിയ ശീതളാണ് ബിജെപി ടിക്കറ്റിലിറങ്ങുന്നത്. സുരീന്ദര്‍ കൗറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Leave a comment

Your email address will not be published. Required fields are marked *