ചെന്നൈ: വേതന വര്‍ദ്ധനവിനുവേണ്ടി ആശാവര്‍ക്കര്‍മാര്‍ തമിഴ്‌നാട്ടിലും സമരത്തില്‍. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം. വേതനം 26,000 രൂപയാക്കുക എന്നതുള്‍പ്പെടെ 9 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ 5,750 രൂപയാണ് ലഭിക്കുന്നത്. നീലഗിരിയിലും ദിണ്ടിഗലിലും ആരംഭിച്ച സമരം ചെന്നൈയിലേക്ക് വ്യാപിപ്പിക്കാനാണ് യൂണിയന്‍ ആലോചിക്കുന്നത്.
കേരളത്തില്‍ ആശമാരുടെ സമരം 44 ദിവസം ആയപ്പോഴാണ തമിഴ്‌നാട്ടിലെ സമരം. കേരളത്തിലെ ആശമാരുടെ സമരത്തിനെ കടുത്ത നിലപാട് സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ ആശ വര്‍ക്കര്‍മാരുടെ സമരത്തിന് സിഐടിയു നേതൃത്വം കൊടുക്കുന്നത്. തമിഴ്‌നാട്ടില്‍ സിഐടിയു കേന്ദ്ര സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്.
10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആരോഗ്യവകുപ്പില്‍ ജോലി നല്‍കുക, 24 മണിക്കൂറും ജോലിയെടുപ്പിക്കുന്നതു നിര്‍ത്തലാക്കുക, ഗ്രാറ്റുവിറ്റി, പി.എഫ്, ഇ.എസ്.ഐ എന്നിവ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഊട്ടിയില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് കളക്ടറേറ്റ് വളപ്പിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച 109 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സി.ഐ.ടി.യു നേതാവ് സീതാലക്ഷ്മി ഉള്‍പ്പെടെ അറസ്റ്റിലായി. ദിണ്ടിഗലില്‍ ജില്ലാ സെക്രട്ടറി പിച്ചമ്മാളിന്റെ നേതൃത്വത്തിലാണ് സമരം.