മുബൈ: നവി മുംബൈയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍, ഭാര്യ പൂജ രാജന്‍, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ 15പേരെ രക്ഷപ്പെടുത്തി.
10 പേര്‍ക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടര്‍ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡന്‍സിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപ്പാര്‍ട്‌മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകള്‍നിലകളിലേക്കു പടരുകയായിരുന്നു.
തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 15 വയസ്സുകാരന്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.










