ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്റിലേക്ക് എത്തുന്നത്. ചര്‍ച്ചക്ക് ശേഷം ബില്‍ പാസാക്കും. പ്രതിപക്ഷം എതിര്‍ത്താലും ബില്‍ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല.
അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാര്‍ക്കും വിപ്പ് നല്‍കുമെന്ന് ഭരണപക്ഷം അറിയിച്ചു. ബില്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം കേന്ദ്രം തള്ളി. കെസിബിസിയും സിബിസിഐയുമൊക്കെ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത് കേന്ദ്രത്തിന് ആശ്വാസം നല്‍കുന്നതാണ്. അതേസമയം, എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും,ടിഡിപിയും പരസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാര്‍ലമെന്റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.
വഖഫ് ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് അര്‍ത്ഥശങ്കയിടയില്ലാത്ത വിധം കോണ്‍ഗ്രസിന്റെ വടക്കേ ഇന്ത്യയിലെ എംപിമാര്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ പാടെ തള്ളിയാണ് ജെപിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബില്ലിനനകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി ആവശ്യത്തോട് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം ഇനി പ്രതികരണമെന്നാണ് ലീഗ് എംപിമാരുടെയും നിലപാട്.
വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു.