
ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ വധത്തിന് പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേല്‍ നേരത്തേ വധിച്ചിട്ടുണ്ട്.
ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇറാന്‍ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.