ഒട്ടാവ: കാനഡയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഏപ്രില്‍ 28 ന് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനെ കാര്‍ണി സന്ദര്‍ശിച്ചിരുന്നു.
അമേരിക്കയുമായുള്ള ബന്ധം വഷളാവുകയും കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രോഡോയുടെ പിന്‍ഗാമിയായി കാര്‍ണി ചുമതലയേറ്റത്. കാര്‍ണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സമീപകാല ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നാണ് മാര്‍ക്ക് കാര്‍ണി വിശേഷിപ്പിച്ചത്. ഹൗസ് ഓഫ് കോമണ്‍സിലെ 343 സീറ്റുകളിലേക്കും ജില്ലകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്.
ജനുവരിയില്‍ ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മാര്‍ച്ച് ഒമ്പതിന് മാര്‍ക് കാര്‍ണി പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. 14ന് തന്നെ കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് കാര്‍ണി സ്വീകരിച്ചത്. കടുത്ത ട്രംപ് വിരുദ്ധന്‍ കൂടിയായി അറിയപ്പെടുന്ന കാര്‍ണിക്ക് ജനപിന്തുണ ഏറിവരുകയാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.