കാഠ്മണ്ഡു: നേപ്പാളില്‍ രാജഭരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ കലാപം. സുരക്ഷാ ഉദ്യോഗസ്ഥരും രാജവാഴ്ച അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, 45 പേര്‍ക്ക് പരുക്കേറ്റു. നൂറുകണക്കിന് വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. കാഠ്മണ്ഡുവിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലസ്ഥാനമായ കാഠ്മണ്ഡുവില്‍ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും മറ്റ് ഗ്രൂപ്പുകളും നടത്തിയ പ്രതിഷേധ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. നേപ്പാളിന്റെ ദേശീയ പതാക വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു രാജവാഴ്ച അനുകൂലികള്‍ ഒത്തുകൂടിയത്. ‘രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ, അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ, ഞങ്ങള്‍ക്ക് രാജവാഴ്ച തിരികെ വേണം’, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ മുഴക്കി.
റാലിക്ക് നേരെ പൊലീസും സൈന്യവും ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്ന് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രകടനങ്ങളും പ്രതിഷേധ റാലികളും നിരോധിച്ച സ്ഥലത്ത് നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് ബലപ്രയോഗം നടത്തേണ്ടി വന്നതെന്നാണ് പൊലീസിന്റെ വാദം. അതേസമയം കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹത്തിന്റെ വീടിന് തീയിട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം.