• Home  
  • മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നകാലം; യക്ഷികള്‍ വാണിരുന്ന രാത്രികാലങ്ങള്‍
- Nostalgia

മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നകാലം; യക്ഷികള്‍ വാണിരുന്ന രാത്രികാലങ്ങള്‍

അന്നത്തെ കാരണവന്മാര്‍ മടക്കു പിച്ചാത്തിയും തൊപ്പിയില്‍ വെറ്റിലയും ചുണ്ണാമ്പും കരുതുമായിരുന്നു. യക്ഷി വന്നാല്‍ ചുണ്ണാമ്പ് ചോദിക്കും. വെറ്റില മടക്കില്‍ നിന്ന് പിച്ചാത്തിയില്‍ തോണ്ടി ചുണ്ണാമ്പ് നീട്ടും യക്ഷി സ്‌കൂട്ടാകും. ഇതൊക്കെ അന്നത്തെ ക്ലാസ്‌മേറ്റ് പ്രൊഫസര്‍മാര്‍ എന്നെ പഠിപ്പിച്ച കാര്യങ്ങള്‍ ആണ്. യക്ഷികളോട് അധികം കളിക്കരുത്, ചെകുത്താന്‍ ആണെങ്കില്‍ തെറി വിളിച്ചാല്‍ മതിയെന്ന് കൂടി അവര്‍ പറഞ്ഞു തന്നതിന്‍ പ്രകാരം പുളിച്ചതെറി വല്ല്യമുട്ടന്‍ അഞ്ചാറെണ്ണം ഞാന്‍ സ്റ്റോക്ക് ചെയ്തു വച്ചിരുന്നു.

ഇപ്പോള്‍ എന്തൊക്കെയാണ് സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും കേള്‍ക്കുന്നത്. രക്തം മരവിപ്പിക്കുന്ന റാഗിംഗ് വാര്‍ത്തകള്‍, കൊച്ചു കുട്ടികള്‍ പ്രണയ കുരുക്കുകളില്‍ പെട്ട് പീഡനങ്ങള്‍ക്കു ഇരയാക്കപ്പെടുന്നു, അധ്യാപകരോട് തട്ടിക്കയറുന്ന, അവരെ നേരിട്ട് ഭീഷണി പ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ക്ക് നിയന്ത്രണം ഇല്ലാത്ത കുട്ടികള്‍, എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നത്. മൊബൈല്‍ ഫോണ്‍ ആണ് യഥാര്‍ത്ഥ വില്ലന്‍. കൊറോണ കാലത്തു തുടക്കമിട്ട ഓണ്‍ലൈന്‍ വാട്സ്ആപ്പ് വിദ്യാഭ്യാസം എത്രയോ കുടുംബങ്ങളെയാണ് പടുകുഴിയില്‍ തള്ളിയത്.

കുടുംബങ്ങളില്‍ മക്കളും മാതാപിതാക്കളും തമ്മില്‍ സംസാരമേയില്ല. എല്ലാവരുടെയും സ്വഭാവം അന്തര്‍മുഖം ആകുകയും സ്വാര്‍ഥതയും അസഹിഷ്ണുതയും നിറഞ്ഞതാകുകയും ചെയ്തിരിക്കുന്നു. മുന്‍പ് കുട്ടികളുടെ സ്വഭാവം, അവരുടെ ഭാവന ഒക്കെ വളരുന്നതില്‍ പ്രധാന ഘടകം നിഷ്‌ക്കളങ്കമായ ശുദ്ധമായ മുത്തശ്ശി കഥകള്‍ ആയിരുന്നു. മുത്തച്ഛനും അമ്മാവന്മാരും പകരുന്ന പുരാണ കഥകള്‍. സ്‌കൂളില്‍ നിന്ന് കിട്ടുന്ന ശിക്ഷണങ്ങള്‍, ഗുണപാഠകഥകള്‍, അച്ചടക്കം, കൂട്ടുകാരുടെ കൂടിച്ചേരലുകള്‍ നല്‍കുന്ന പോസിറ്റിവ് എനര്‍ജി.

സ്‌കൂളിലെ അച്ചടക്കത്തിന്റെ ലക്ഷ്മണരേഖയില്‍ കയറി അല്‍പ്പം അപ്പുറം ചാടി, തിരിച്ചു ചാടി നടത്തുന്ന വികൃതികള്‍. കൊച്ചു കൊച്ചു കള്ളത്തരങ്ങള്‍. എല്ലാം ചേര്‍ന്നു പരമാവധി ശുദ്ധമായ ഒരു സ്വഭാവ രൂപീകരണം നടന്നിരുന്നു പണ്ടുകാലങ്ങളില്‍. കുട്ടികള്‍ ചറപറാ ഇഗ്‌ളീഷു പറഞ്ഞിരുന്നില്ലങ്കിലും പട്ടി കടിക്കാന്‍ വന്നാല്‍ ഓടി മരത്തില്‍ കയറാനെങ്കിലുമുള്ള പ്രായോഗികജ്ഞാനം നേടിയിരുന്നു. മനസിനെ നിയന്ത്രിക്കാനും ക്ഷമിക്കാനും പ്രതീക്ഷകളോടെ കാത്തിരിക്കാനും പഠിച്ചിരുന്നു. നല്ല വായനയും, ആശയങ്ങള്‍ ഉണ്ടാക്കാനും കൈമാറാനും പഠിച്ചിരുന്നു.

അക്കാലങ്ങളില്‍ അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മറച്ചുപിടിച്ചു വായിച്ചിരുന്നത് CID മൂസ, CID പോള്‍, ഷാഡൊമാന്‍, നീരാളി , എന്റര്‍ ദ ഡ്രാഗണ്‍, പൂമ്പാറ്റ അമര്‍ ചിത്രകഥ ഒക്കെ ആയിരുന്നു. ഇന്നത്തെ പോലെ അഴുകിയ ഇന്‍സ്റ്റായോ, യു ട്യൂബോ ആയിരുന്നില്ല. ടീച്ചര്‍ ഇല്ലാത്ത ക്ലാസ് റൂമില്‍ പരസ്പരം പറഞ്ഞിരുന്നത് അവരവര്‍ക്കു മുന്‍തലമുറ പറഞ്ഞു കൊടുത്ത പുരാണങ്ങള്‍ ആയിരുന്നു. ഹിന്ദുക്കള്‍ ഹിന്ദു പുരാണങ്ങള്‍ അവന്മാരുടെ അറിവില്‍ നിന്നും ഭാവനയില്‍ നിന്നും ക്രിസ്ത്യാനി കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു. ക്രിസ്ത്യാനികള്‍ ബൈബിള്‍ കഥകളും.

എനിക്ക് അയല്‍വക്കത്തെ മലയാളം വിദ്വാന്‍ തങ്കപ്പന്‍ മാഷും കുഞ്ഞേപ്പ് ചേട്ടനുമൊക്കെ പറഞ്ഞുതന്ന ധീരയോദ്ധാക്കളുടെ, നാടന്‍ പ്രമാണിമാരുടെ, ഇതിഹാസകാരന്മാരുടെ ഒക്കെ കഥകള്‍ അറിയാമായിരുന്നു. അവയൊക്കെ എന്റേതായ ഭാഷയില്‍ പൊടിപ്പും തൊങ്ങലും വച്ച് ഞാന്‍ തട്ടിവിടുമായിരുന്നു. സ്‌കൂള്‍ വരാന്തയിലും ഇല്ലിക്കാടിന്റെ തണലിലുമൊക്കെയായി ഇത് പോലെ നൂറുകണക്കിന് കഥകള്‍ പിറന്നു പറന്നു വീണുടഞ്ഞു. മണിക്കുട്ടന്‍, സുകുമാരന്‍, ബാബു കെ സി ഒക്കെ തട്ടിവിടുന്ന പുരാണ കഥകളെക്കാള്‍ കൂടുതല്‍ അവന്മാരുടെ യക്ഷിക്കഥകളില്‍ ആയിരുന്നു എനിക്ക് കമ്പം. അല്ലേലും എനിക്ക് ഇഷ്ടം ഉള്ള ഐറ്റം ആയിരുന്നു ചെകുത്താന്‍. ശരീരം മുഴുവനും കരി വാരിതേച്ചതു പോലെ കറുത്ത ശരീരം, തലയിലെ കൊമ്പ്, വായില്‍ നിന്ന് ആകാശത്തേയ്ക്ക് പറക്കുന്ന തീ ഗോളം. ഇരുളിന്റെ മറവില്‍ നിന്ന് പെട്ടെന്ന് അവന്‍ ചാടി വീഴും.

ബാല്യകാലത്ത് മനസ്സില്‍ പതിഞ്ഞ ഭയവും സാഹസവും നിറഞ്ഞ ഒരു വിശ്വാസം ആയിരുന്നു പിശാച്, ചെകുത്താന്‍ തുടങ്ങിയ ഓമന പേരുള്ള കഥാപാത്രവും യക്ഷിയും. മഴക്കാലത്ത് ഇരുണ്ട സന്ധ്യകളില്‍ ഇരുളിന്റെ മറവില്‍, തിണ്ണയുടെ അറ്റത്ത് കുനിഞ്ഞു കണ്ണ് തുറന്നു വച്ച് നീട്ടി ഞാന്‍ ചെകുത്താനെ നോക്കി. നിഴലുകളില്‍, കാറ്റില്‍, മഴത്തുള്ളിയില്‍ തിളങ്ങി ഇളകി ആടുന്ന ചെമ്പിന്റെ ഇലകളില്‍, വാഴയിലയില്‍… ഞാന്‍ ചെകുത്താനെ പല പ്രാവശ്യം കണ്ടു. മരങ്ങളിലെ പായലിന്റെ വെളുപ്പില്‍ മഴത്തുള്ളികളില്‍ വെളിച്ചം പതിഞ്ഞുള്ള റിഫ്‌ളക്ഷനുകളില്‍ സൂക്ഷിച്ചു നോക്കിയാല്‍ അവനെ കാണാം.

തുലാമഴ പെയ്തു കറണ്ടില്ലാത്ത രാത്രിയില്‍, കട്ടിലില്‍ കിടന്നു ജനല്‍കര്‍ട്ടന്‍ മെല്ലെ മാറ്റി ഇരുട്ടിലേയ്ക്ക് കണ്ണ് നീട്ടി തുറിച്ചു നോക്കുമ്പോള്‍ കപ്പക്കാലായില്‍ നിന്ന് ചെകുത്താന്‍ കൈകാട്ടി വിളിക്കും. പേടിയോടെ കട്ടിലിലേയ്ക്ക് വീണു ഭിത്തിയോട് പറ്റിച്ചേര്‍ന്നു കിടന്നു മുകളിലേയ്ക്ക് ഭീതിയോടെ നോക്കും. ജനല്‍ കര്‍ട്ടന്‍ അകത്തേയ്ക്ക ്ഉയര്‍ന്നു പറക്കുന്നത് ചിലപ്പോള്‍ ചെകുത്താന്‍ കൈനിട്ടി എന്നെ തപ്പുന്നത് ആയിരിക്കും.. ചെകുത്താന്‍ അദൃശ്യന്‍ ആണല്ലോ; അത് കൊണ്ടവന്റെ കൈ കാണാത്തതാകും. പക്ഷെ ഭിത്തിയില്‍ ഒട്ടിക്കിടക്കുന്ന എന്നെ ജനലില്‍ കൂടി നോക്കുന്ന ചെകുത്താനു കാണാനും പറ്റില്ല.

കാറ്റും മഴയും കഴിഞ്ഞു കറണ്ടില്ലാത്ത രാത്രിയില്‍ നിഴലായ് ഒഴുകി വരും.. യാമങ്ങള്‍ തോറും.. കൊതി തീരുവോളം.. എന്ന പാട്ട് കേള്‍പ്പിക്കുന്നത് ആകാശവാണിയുടെ സ്ഥിരം പരിപാടി ആയിരുന്നു. ഇരുട്ടത്തു പാട്ടും കേട്ട് പുതപ്പ് വലിച്ചു തല മൂടി കിടക്കും. ഇടയ്ക്ക് പുതപ്പ് മെല്ലെ നീക്കി മുറിക്കുള്ളിലെ ഇരുട്ടിലേയ്ക്ക്, അടുത്ത മുറിയിലെ കട്ടിലിനടിയില്‍, കതകിന്റെ മറവില്‍, മൂലയില്‍ ഒക്കെ പരതി നോക്കും. എന്തെങ്കിലും ശബ്ദം കേട്ടാല്‍ ചെകുത്താന്‍ പോയേനെ. പമ്മി എണീറ്റ് അടുത്ത കട്ടിലില്‍ കിടക്കുന്ന അനിയന്റെ കാലില്‍ പോയി ഒന്ന് ചൊറിയും. ങ്യാഹു.. മ്മച്ചിയെ.. ന്നൊരു നിലവിളി അവന്‍ പാസാക്കും. എന്നാടാ… ഞാനങ്ങോട്ട് വന്നാലൊണ്ടല്ലോ. അമ്മയുടെ ഷട്ടപ്പ്.. ചിലപ്പോള്‍ പറന്നു വന്ന് അവന്റെ കൂരയ്ക്ക് രണ്ടടി. എനിക്കിട്ടും കിട്ടും. പക്ഷെ ഭിത്തിയില്‍ ചേര്‍ന്ന് കിടക്കുന്നത് കൊണ്ട് വെറുതെ തലയിണ അടി ഏറ്റു വാങ്ങും. പിന്നെ കുറെ നേരം അനിയന്റെ മോങ്ങല്‍ കൂടി ആകുമ്പോള്‍, ചെകുത്താന്‍ ജനലില്‍ കൂടി ചാടിയോടും. നമ്മക്ക് സുഖമായിട്ടുറങ്ങാം.

ചെകുത്താനെ ഭയപ്പെടുമ്പോഴും അവനെ കാണാനുള്ള ആഗ്രഹവും ആകാംക്ഷയും കലശല്‍ ആയിരുന്നു. അവന്‍ ആണോ എന്ന് സൂക്ഷിച്ചു നോക്കി ആണെന്ന് ഉറപ്പിച്ചു തിരിഞ്ഞു ഓടുക. ചെറുതായി അമ്മയെ ഒന്ന് വിളിക്കുക ഓടിചെല്ലുന്ന പാടെ കയ്യില്‍ ഉള്ളത് വച്ചു ഒരെണ്ണം വാങ്ങിക്കുക.ഇതൊക്കെ പതിവ് ദിനചര്യകളില്‍ പെട്ടിരുന്നു. 5-6 ക്‌ളാസുകളില്‍ എത്തുമ്പോള്‍ ടീച്ചര്‍ ഇല്ലാത്ത ദിവസം ക്ലാസില്‍, വൈകുന്നേരം സ്‌കൂള്‍ വരാന്തയില്‍, ഇല്ലിക്കാടിന്റെ തണലില്‍ സ്‌കൂള്‍ പറമ്പില്‍, സ്‌കൂള്‍വിട്ട് വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഒക്കെ ക്ലാസ്‌മേറ്റ് പ്രൊഫസര്‍മാരുടെ വിവരണങ്ങളിലൂടെ യക്ഷിയമ്മ എന്റെ മനസ്സില്‍ കൂടുകൂട്ടി. അമ്പലത്തിന്റെ ആല്‍ത്തറയിലെ പാല മരത്തിന്റെ മണ്ടയ്ക്ക് ആണ് യക്ഷി താമസം. എല്ലാ ദിവസവും യക്ഷി രാത്രി 12 മണി കഴിയുമ്പോള്‍ ആല്‍ത്തറയിലേയ്ക്ക് ഇറങ്ങി വരും. അടുത്ത അമ്പലത്തിലെ യക്ഷികളും കുറച്ചു വെറ്റിലയും പറിച്ചു കൊണ്ട് അവിടെ വരും. അഞ്ചാറു പേരുണ്ടാകും. അവിടെ ഇരുന്നു മുറുക്കിതുപ്പി, കഥകള്‍ പറഞ്ഞ് ഏതാണ്ട് മൂന്നു മണിയോടെ അവര്‍ പിരിയും. മരത്തിന്റെ മുകളില്‍ പോയി ഉറങ്ങും.

മുറുക്കാന്‍ കടകളില്‍ ചുണ്ണാമ്പ് ഒരു പാത്രത്തില്‍ പുറത്തു വള്ളിയില്‍ കെട്ടി ഇട്ടിരിക്കും. അന്നത്തെ ആവശ്യത്തിനു വെറ്റിലയില്‍ പൂശാന്‍ ള്ളത് അവിടെ നിന്ന് തോണ്ടി കൊണ്ട് വരുകയാണ്. ചുറ്റുമുള്ള പറമ്പുകളില്‍ വെറ്റിലയും പാക്കും ഫ്രീ ആയിട്ട് കിട്ടും. അവര്‍ മുറുക്കി കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ അതിലെ പോയാല്‍ ഒരു യക്ഷി ഇറങ്ങി വന്നു നമ്മളെ വെട്ടും. കൊണോട് കോണ്‍ ഒറ്റ വെട്ട് ആണ്. ഇടിവാള്‍ പോലെ ഒരു വെട്ടം അത്രേ ഉള്ളൂ. വെട്ടു കഴിയുമ്പോള്‍ നമ്മക്ക് വീട്ടില്‍ പോകാം. 41 ന്റെ അന്ന് നമ്മള്‍ തട്ടി പോകും.

ഹിന്ദുക്കളെ വെട്ടുകേല. ക്രിസ്ത്യാനികള്‍ക്കിട്ട് വെട്ടും. കാരണം ഞങ്ങള്‍ ഇറച്ചിയും മീനും കൂട്ടുന്നോര്‍ ആണ്. ഇറച്ചിയുടെ മണം കിട്ടിയാല്‍ അപ്പൊ വെട്ടും. യക്ഷിമാര്‍ കട്ടക്കലിപ്പില്‍ ആണെങ്കില്‍ അപ്പൊതന്നെ ചോരകുടിച്ചു നമ്മളെ വലിച്ചെറിയും. അറിയാതെ ചെന്നുപെട്ടത് ആണെങ്കില്‍ കരഞ്ഞു പറഞ്ഞാല്‍, അന്ന് ഇറച്ചി കൂട്ടിയിട്ടില്ലെങ്കില്‍ ചിലപ്പോള്‍ രക്ഷപെട്ടു പോരാന്‍ പറ്റിയെക്കും. പിന്നെ രക്ഷപെടാന്‍ കയ്യില്‍ ഇരുമ്പ് കരുതിയാല്‍ മതി. ഇരുമ്പ് ആണി, പിച്ചാത്തി, വാക്കത്തി എന്നിവ സ്വയരക്ഷാ ആയുധങ്ങള്‍ ആണ്. അത് കയ്യില്‍ ഉണ്ടെങ്കില്‍ ഓടിയാല്‍ മതി. പിന്നാലെ വന്നു പിടിക്കത്തില്ല.

അന്നത്തെ കാരണവന്മാര്‍ മടക്കു പിച്ചാത്തിയും തൊപ്പിയില്‍ വെറ്റിലയും ചുണ്ണാമ്പും കരുതുമായിരുന്നു. യക്ഷി വന്നാല്‍ ചുണ്ണാമ്പ് ചോദിക്കും. വെറ്റില മടക്കില്‍ നിന്ന് പിച്ചാത്തിയില്‍ തോണ്ടി ചുണ്ണാമ്പ് നീട്ടും യക്ഷി സ്‌കൂട്ടാകും. ഇതൊക്കെ അന്നത്തെ ക്ലാസ്‌മേറ്റ് പ്രൊഫസര്‍മാര്‍ എന്നെ പഠിപ്പിച്ച കാര്യങ്ങള്‍ ആണ്. യക്ഷികളോട് അധികം കളിക്കരുത്, ചെകുത്താന്‍ ആണെങ്കില്‍ തെറി വിളിച്ചാല്‍ മതിയെന്ന് കൂടി അവര്‍ പറഞ്ഞു തന്നതിന്‍ പ്രകാരം പുളിച്ചതെറി വല്ല്യമുട്ടന്‍ അഞ്ചാറെണ്ണം ഞാന്‍ സ്റ്റോക്ക് ചെയ്തു വച്ചിരുന്നു.

ഒരിക്കല്‍ വൈകിട്ട് റേഷന്‍ കടയില്‍ നിന്ന് മടങ്ങുമ്പോള്‍ ക്ഷേത്ര പരിസരത്ത് അമ്പലപറമ്പില്‍ കാവിന്റെ പരിസരത്തൊക്കെ യക്ഷിയുണ്ടോന്നു നോക്കി ഞാന്‍ നടന്നു. അമ്പലത്തിലേക്കുള്ള പ്രധാന വഴിയുടെ അടുത്തെത്തിയപ്പോള്‍ അതിലൂടെ നടന്ന് അമ്പലമുറ്റത്തു പോയി ആല്‍ത്തറയില്‍ യക്ഷി ഉണ്ടോയെന്ന് നോക്കിയേക്കാമെന്നുകരുതി മെല്ലെ പമ്മി പമ്മി അങ്ങോട്ട് വച്ച് പിടിച്ചു. മണ്ണെണ്ണ പാട്ട കയ്യില്‍ ഉണ്ട് അത് ഇരുമ്പാണല്ലോ, അതൊരു ധൈര്യമാണ്. സന്ധ്യ കഴിഞ്ഞ് അവിടെങ്ങും ആരും ഇല്ല. വെളിച്ചവുമില്ല. നിശബ്ദത മാത്രം.

പെട്ടെന്ന് മുകളില്‍ ങ്ട് ന്നൊരു ശബ്ദം… ഒരു ഇളം കാറ്റ്… പിന്നിലാരോ വടികൊണ്ട് അടിച്ചതു പോലെ… മണല്‍തരികള്‍ കാലിന്റിടയിലൂടെ മൂളി പറന്നു… സാക്ഷാല്‍ യക്ഷി പിന്നില്‍… മരവിച്ചു നിന്നു. അയ്യോ അമ്മച്ചിയെ എന്ന് നിലവിളിക്കണമെന്നുണ്ട്…. പക്ഷേ ശബ്ദം പൊങ്ങിയില്ല… കണ്ണടച്ച് നിന്നെങ്കിലും . അടുത്ത നിമിഷം മുന്നില്‍ ശീല്‍ക്കാരത്തോടെ വെട്ടം തെളിഞ്ഞത് അറിഞ്ഞു. യക്ഷി വെട്ടിക്കഴിഞ്ഞു… പണി തീര്‍ന്നു… ഇനി നാല്‍പ്പത്തി യൊന്നിന് കാണാം എന്ന് മനസ് പറഞ്ഞു. പെട്ടെന്ന് ഒരു ശബ്ദം… എങ്ങോട്ടാ ഇതിലെ… മുന്നില്‍ യക്ഷി അല്ല യക്ഷന്‍. അമ്പലത്തിലെ കഴകക്കാരന്‍ ഗോപിച്ചേട്ടന്‍.

ദീപാരാധന കഴിഞ്ഞു ശംഖു വിളിക്കുന്നത് ചേട്ടന്‍ ആണ്. പൂജ കഴിഞ്ഞു കാവില്‍ വിളക്ക് വച്ച് ക്ഷേത്രം അടച്ചു വീട്ടിലേയ്ക്കു പോകാന്‍ ഇറങ്ങി വന്നതാണ്. എന്റെ തൊണ്ടയില്‍ നിന്ന് നിലവിളി പോയത് അമ്മച്ചിയാണേ ഞാനറിഞ്ഞിട്ടില്ല. അമ്മച്ചിയെ ഓടിവായോ എന്നലറിവിടുവായിരുന്നു എന്ന് ഗോപിച്ചേട്ടന്‍ പറഞ്ഞതായി പിന്നീട് ഗോപിച്ചേട്ടന്റെ മോള്‍ തറപ്പിച്ചു പറഞ്ഞു. എനിക്കൊന്നിനെക്കുറിച്ചും ഒരുവ്യക്തതയുമില്ല. ഗോപിച്ചേട്ടന്‍ എന്നെ റോഡിലേയ്ക്ക് വെളിച്ചം കാണിച്ചു നടത്തി. പെട്ടെന്ന് ചില്‍ട് ന്നൊരു ശബ്ദം മുകളില്‍ നിന്ന് കേട്ടു. മുന്നില്‍ പടക്കേന്ന് ഒരു റബ്ബര്‍ക്കാ പൊട്ടിത്തെറിച്ചു വീണു. ന്റമ്മോന്നൊരു ശബ്ദം അപ്പോള്‍ ഉണ്ടായി. അത് എന്റേത് തന്നെ. ഞാന്‍ ഞെട്ടി പിന്നോട്ട് ചാടി ഗോപിച്ചേട്ടന്റെ നെഞ്ചത്ത്. ഗോപിച്ചേട്ടന്‍ മറിഞ്ഞുവീണു. കയ്യില്‍നിന്നും തിരിയും ചിരട്ടയും താഴെ വീണു. വീഴ്ചയില്‍ വേദനിച്ചെങ്കിലും ഗോപിച്ചേട്ടന്‍ എന്നോട് കയര്‍ത്തില്ല. ഗോപിച്ചേട്ടന്റെ തിരിയും തീപ്പെട്ടിയും തിരിക്ക് കാറ്റില്‍ നിന്ന് മറവായി ഉപയോഗിക്കുന്ന ചിരട്ടയും വീണുരുണ്ട് എവിടെയോ പോയി. എന്നോട് നിലത്തു നോക്കി സൂക്ഷിച്ചു നടക്കാന്‍ പറഞ്ഞു. ഞാന്‍ അറ്റന്‍ഷന്‍ ആയിട്ട് നടന്നു റോഡില്‍ ഇറങ്ങി വീട്ടിലേയ്ക്കു നടന്നു. പിന്നെ കുറേകാലത്തേയ്ക്ക് യക്ഷി ഗവേഷണം, എത്തിനോട്ടം തുടങ്ങിയ സൂഖക്കേടുകള്‍ എനിക്ക് ഇല്ലായിരുന്നു.

യക്ഷിയെ വച്ച് എത്ര കഥകള്‍, സിനിമകള്‍ ഉണ്ടായി. ഒരു മുപ്പതു കൊല്ലം മുന്‍പ് പാലായ്ക്കു സമീപം യക്ഷി ഇറങ്ങിയിരുന്നു. രാത്രിയായാല്‍ വഴിയേ പോകുന്നവരെ യക്ഷി വെട്ടു തുടങ്ങി. കൈക്കും കാലിനും വെട്ടായിരുന്നു. ഓട്ടോ റിക്ഷക്കാരെ കിട്ടിയാല്‍ അപ്പൊ വെട്ടും. രാത്രിയില്‍ ആരും പുറത്തിറങ്ങാതായി. പോലീസ് യക്ഷിയെ പൊക്കാന്‍ തുനിഞ്ഞിറങ്ങി. യക്ഷിയെ കാത്ത് മടുത്തു രണ്ടു പോലീസുകാര്‍ ഒരു മതിലില്‍ ചാരി നിന്നുറങ്ങിപോയി. യക്ഷി മുന്നില്‍ വന്നു നിന്നതു അവരറിഞ്ഞില്ല. വെട്ടിക്കഴിഞ്ഞാണ് അവരറിഞ്ഞത്. പക്ഷെ ഒന്നും ചെയ്യാന്‍ പറ്റിയില്ല മൂക്കും പൊത്തി നിലത്തു വീണു. അപ്പഴേ ബോധവും പോയി. പട്രോളിംഗ് സമയം കഴിഞ്ഞും കാണാഞ്ഞിട്ട് അന്വഷിച്ചു വന്ന സഹപ്രവര്‍ത്തകര്‍ .ജീപ്പില്‍ കിടത്തിയാണ് അവരെ സ്റ്റേഷനില്‍ എത്തിച്ചത്.

എന്റെ ഒരു സ്‌നേഹിതന്റെ വീട് അവിടെ ഉണ്ടായിരുന്നു. അക്കാലങ്ങളില്‍ ഇന്നത്തെ പോലെ അറ്റാച്ച്ഡ് ബെഡ് റൂം ഒക്കെ പരിമിതമായിരുന്നതിനാല്‍ ആണുങ്ങള്‍ പ്രത്യേകിച്ച് ഒന്നാം ഉറക്കം കഴിഞ്ഞു മൂത്രം ഒഴിക്കാന്‍ മുറ്റത്തിറങ്ങുന്നത് പതിവായിരുന്നു. രാത്രിയുടെ മൂന്നാം യാമത്തില്‍ മുറ്റത്തു മൂത്രം ഒഴിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു എന്റെ സുഹൃത്ത്. യക്ഷിയുടെ വിളയാട്ടം കാരണം ഉള്ളില്‍ ഭയം ഉണ്ടായിരുന്നു. അഞ്ച് ബാറ്ററി എവറെഡി ടോര്‍ച്ചു തെളിച്ചു പിടിച്ചു ചുറ്റിലും വീശികൊണ്ടാണ് മുള്ളുന്നത്.

മുള്ളിക്കൊണ്ട് നില്‍ക്കവേ ഒരു വലിയ കൈ മുകളില്‍ നിന്ന് ഏതാണ്ട് 115 ഡിഗ്രി ചെരിഞ്ഞു തന്റെ കഴുത്തിനു നേരെ നീണ്ടു വരുന്നത് ഇടംകണ്ണിന്റെ കോണില്‍ കൂടി അവന്‍ കണ്ടു. കിടുകിടാ വിറച്ചു… രക്തം മരവിച്ചു… മൂത്രം നിലച്ചു… നീണ്ടു വന്ന കരം അവന്റെ തോളില്‍ അമര്‍ന്നു… നാല് ദിക്കും നടുങ്ങുമാറ്് അലറി കൊണ്ട് അവന്‍ നിലത്തു വീണു. വീട്ടുകാര്‍ ഞെട്ടിയെണീറ്റ് മുറ്റത്തു ചാടി. ഒപ്പം എവിടെയോ തെണ്ടിതിരിയാന്‍ പോയ പട്ടിയും വന്നു. എല്ലാവരും കല്ല് പെറുക്കി യക്ഷിയെ എറിഞ്ഞു. പട്ടി ഓടി നടന്നു കുരച്ചു. വീട്ടുകാര്‍ അവനെ പൊക്കി വരാന്തയില്‍ കിടത്തി വെള്ളം തളിച്ചു. ബോധം വച്ചില്ല. അത് കൊണ്ട് ഒരു കപ്പു വെള്ളം മുഖത്തേയ്ക്കു ഒഴിച്ചു. അവന് ബോധം വീണു. എണീറ്റ് ഇരുന്നു മുഖം തിരിച്ചു മുറ്റത്തേയ്ക്ക് കൈ ചൂണ്ടി എന്തോ പറയാന്‍ ശ്രമിച്ചു.

പട്ടി ഓലിയിടുമ്പോലെ ഒരു ശബ്ദം മാത്രമേ പുറത്തുവന്നുള്ളൂ. വീണ്ടും ഒറ്റ അലര്‍ച്ച… പടക്കെന്നു അവന്‍ പിന്നോട്ട് വീണു. പിന്നേം വെള്ളം ഒഴിച്ചു…നോ രക്ഷ … അവനു ബോധം വച്ചില്ല. വീട്ടുകാര്‍ അവനെ പൊക്കി മേരിഗിരി ഹോസ്പിറ്റലില്‍ കൊണ്ട് പോയി .. ഏതാണ്ട് മൂന്നാം മണിക്കൂറില്‍ അവന്‍ കണ്ണ് തുറന്നു. ചുറ്റിലും നോക്കി. പിന്നെ പെട്ടെന്നു തന്നെ ബോധം ഓഫായി. പിന്നെ പലപ്പോഴായി ആറ് തവണ ബോധം തെളിഞ്ഞു…. വീണ്ടും ഓഫായി…ഓരോ പ്രാവശ്യവും ഓഫാകും മുന്‍പ് കിടിലന്‍ അലര്‍ച്ച രണ്ടെണ്ണം വീതം അവന്‍ കാച്ചി വിട്ടു. ബന്ധു കൂടിയായ ഡോക്ടര്‍ക്ക് ബോധം തെളിഞ്ഞു നില്‍ക്കുമ്പോള്‍ അവനെ കയ്യില്‍ കിട്ടിയില്ല.

ബോധം തെളിയുമ്പോള്‍ വീട്ടുകാര്‍ ഡോക്ടറുടെ അടുത്തേക്ക് ഓടും. ഡോക്ടര്‍ വരും മുന്‍പ് ഓഫാകും. അവസാനം ഡോക്ടര്‍ അവന്റെ അടുത്ത് തന്നെ ഇരുന്നു. ബോധം മിന്നിമിന്നി തെളിഞ്ഞുവന്ന സമയം കൊണ്ട് ഡോക്ടര്‍ അവന്റെ മൊഴി എടുത്തു. മൂന്ന് നാല് പ്രാവശ്യം കൊണ്ടാണ് ഡോക്ടര്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍ അവനെ ഇന്റര്‍വ്യൂ ചെയ്തു. മുള്ളിക്കൊണ്ടിരുന്നപ്പോള്‍ കൈ താഴ്ന്നു വന്നത് പറഞ്ഞു തീര്‍ന്നതും പിന്നേം ബോധം പോയി. അവനെ അവിടെ ഇട്ടിട്ടു ഡോക്ടര്‍ വണ്ടിയെടുത്ത് അവന്റെ വീട്ടില്‍ വന്നു. സംഭവ സ്ഥലത്തു ഫോറന്‍സിക് കണ്ണുകളോടെ പരതി. അവന്റെ മൂത്രം വീണ സ്ഥലത്തു അപ്പോഴും നനവുണ്ടായിരുന്നതിനാല്‍ അവന്‍ നിന്ന സ്ഥലം ലൊക്കേറ്റ് ചെയ്തു. അവിടെ നിന്ന് കൊണ്ട് വലതു സൈഡില്‍ മുകളിലേയ്ക്കു ചെരിഞ്ഞു നോക്കി. ഒന്നും കണ്ടില്ല…. പക്ഷെ അവിടെ ഒരു പാളയംകോടാന്‍ വാഴ നില്‍പ്പുണ്ട്. അതിന്റെ പഴുത്ത ഒരു തണ്ടൊടിഞ്ഞ് തൂങ്ങി കിടപ്പുണ്ടായിരുന്നു. അവനെ വെട്ടിയ യക്ഷിയുടെ കരം ആ വാഴക്കൊ ആണെന്ന് കണ്ടുപിടിച്ച ഡോക്ടര്‍ അവനെ പെട്ടെന്നു സുഖപ്പെടുത്തി വീട്ടിലാക്കി. യക്ഷിയെ പിന്നീട് പോലീസ് പൊക്കി. അവന്റെ പേര് പറഞ്ഞാല്‍ യക്ഷിക്ക് പകരം അവന്‍ എന്നെ വെട്ടും. അതുകൊണ്ടു നിങ്ങള്‍ക്ക് ഇഷ്ടം ഉള്ള പേര് വിളിക്കുക. യക്ഷിയുടെ കരള്‍ മരവിപ്പിക്കുന്ന അക്രമപരമ്പരകള്‍ ഏറെയുണ്ട്. അവയെല്ലാം പിന്നാലെ…

Leave a comment

Your email address will not be published. Required fields are marked *