
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അജിത് പവാറിന്റെ എന്‍സിപിക്കു തിരിച്ചടിയായി നാലുമുതിര്‍ന്ന നേതാക്കളുടെ രാജി. ഇവര്‍ ശരദ് പവാറിന്റെ എന്‍.സി.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. എന്‍.സി.പിയുടെ പിംപരി ചിംച്വഡ് ഘടക അധ്യക്ഷന്‍ അജിത് ഗവ്ഹാനെ, പിംപരി ചിംച്വഡ് വിദ്യാര്‍ഥി വിഭാഗം തലവന്‍ യഷ് സാനെ, രാഹുല്‍ ഭോസലെ, പങ്കജ് ഭലേകര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്.
രാജിവെച്ചവര്‍ അടുത്തയാഴ്ച ആദ്യം, ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. അജിത് പവാര്‍പക്ഷത്തുനിന്ന് നേതാക്കളുടെ കൊഴിച്ചിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2023ല്‍ എന്‍സിപിയുടെ പിളര്‍പ്പിന് വഴിവെച്ചത് അജിത് പവാറിന്റെ നീക്കമായിരുന്നു. ശരദ് പവാറും സംഘവും പ്രതിപക്ഷത്ത് തുടരുകയും അജിത് പവാര്‍, ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാവുകയുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ചുവെങ്കിലും ഒരേയൊരു സീറ്റില്‍-റായ്ഗഢില്‍ മാത്രമായിരുന്നു അജിത് പവാറിന്റെ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.