
തൃശ്ശൂര്‍: കോര്‍പറേഷന്‍ മേയറുമായി ബന്ധപ്പെട്ട ഇടതുമുന്നണി തര്‍ക്കം ഒത്തുതീര്‍ക്കുന്നതിനുള്ള ചര്‍ചച്കള്‍ സജീവമായി തുടരുന്നതിനിടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം 20നു ചേരും. മേയര്‍ക്കെതിരെ എടുത്തുചാടി തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. മേയര്‍ എം.കെ. വര്‍ഗീസിനെതിരെ പരസ്യമായി രംഗത്തെത്തിയ സിപിഐയെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. വൈകാരിക പ്രകടനത്തിലൂടെ കോര്‍പ്പറേഷന്‍ ഭരണം കൈവിട്ടുപോകാതിരിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.
മേയറുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ഉടനടി എടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം. സംസ്ഥാനനേതൃത്വം. ചാടിക്കയറി നടപടിയെടുക്കുന്നത് മുന്നണിയുടെ ഭാവിസാധ്യതകളെ ബാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. തര്‍ക്കം നീണ്ടുപോകുന്നത് മുന്നണിയുടെ ഭാവിയെ ബാധിക്കുമെന്നുള്ള തിരിച്ചറിവിനെത്തുടര്‍ന്ന് ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ സജീവമായി.
കോര്‍പറേഷന്‍ കൗണ്‍സില്‍ ചേരാതെ ഭരണം സ്തംഭനത്തിലേക്കു നീങ്ങുന്ന സ്ഥിതി മുന്നണിക്ക് ഭൂഷണമല്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കൗണ്‍സില്‍ കൂടാത്തതിനെതിരേയുള്ള പ്രതിപക്ഷപ്രചാരണം വലിയ തിരിച്ചടിയാകുമെന്നും മുന്നണിനേതൃത്വം കണക്കുകൂട്ടുന്നു. ഓരോ വിഷയത്തെയും യോഗ്യത അനുസരിച്ച് കൈകാര്യം ചെയ്യാനും കോര്‍പറേഷന്റെ ദൈനംദിനപ്രവര്‍ത്തനം സുഗമമാക്കാനുമാണ് ഇപ്പോഴത്തെ ധാരണ.