തിരുവനന്തപുരം: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ സിപിഎം, സിപിഐ നിര്‍ണായക യോഗങ്ങള്‍ ഇന്ന് ചേരുന്നു. ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലെ മുഖ്യവിഷയം സിപിഐ എങ്ങനെ മയപ്പെടുത്താമെന്നുള്ളതാണ്. സിപിഐ എക്‌സിക്യുട്ടീവ് യോഗം ഇന്ന് ആലപ്പുഴയിലും നടക്കും.
അതിനിടെ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും ഫോണ്‍ സംഭാഷണത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചു. കരാറില്‍ ഒപ്പിട്ടത് ശരിയായില്ലെന്നും അറിയിച്ചു.
കരാറില്‍ നിന്ന് പിന്മാറണമെന്ന സിപിഐയുടെ ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാല്‍ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചര്‍ച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാര്‍ ഒപ്പിട്ടതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മന്ത്രിമാരെ കാബിനറ്റ് യോഗത്തില്‍ നിന്ന് പിന്‍വലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. കടുത്ത തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണയുണ്ട്.










