
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് സംഘടനാ രംഗത്ത് അഴിച്ചുപണിക്കൊരുങ്ങി ഉത്തര്‍പ്രദേശ് ബിജെപി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ചിരുന്നു.
നിലവിലെ സംസ്ഥാന അദ്ധ്യക്ഷനായ ഭൂപേന്ദ്ര ചൗധരിയെ മാറ്റി പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ നിയോഗിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഭൂപേന്ദ്ര ചൗധരി ജാട്ട് വിഭാഗത്തില്‍ നിന്നുള്ളയാളാണ്. നേരത്തെ ജാട്ട് വിഭാഗത്തിനുള്ളില്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ഭൂപേന്ദ്ര ചൗധരിയെ അദ്ധ്യക്ഷനാക്കിയത്.
സംസ്ഥാനത്തെ ജനസംഖ്യയില്‍ വലിയ വിഭാഗം പിന്നാക്കക്കാരാണ്. ഇത്തവണ പിന്നാക്കക്കാര്‍ കൈവിട്ടതോടെയാണ് ബിജെപിക്ക് തിരിച്ചടിയുണ്ടായതെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാവിന് അദ്ധ്യക്ഷസ്ഥാനം നല്‍കുന്നതിലൂടെ അവരുടെ വിശ്വാസം തിരികെ പിടിക്കാനാവുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. 2019ല്‍ ബിജെപി 69 ലോക്സഭ സീറ്റുകളാണ് നേടിയത്. ഇത്തവണ അത് 33ആയി ചുരുങ്ങിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് നേതൃമാറ്റം.