
കല്പറ്റ: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി വയനാട് ജില്ലാ യൂത്ത് ലീഗ്. തിരഞ്ഞെടുപ്പുസമയത്ത് കോണ്‍ഗ്രസിന് വോട്ടുപിടിക്കാനുള്ള യന്ത്രമായി ലീഗിനെ മാറ്റുന്നുവെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്. യൂത്ത് ലീഗ് വയനാട് ജില്ലാനേതൃയോഗത്തിലാണ് വിമര്‍ശനം.
യു.ഡി.എഫ്. മുന്നണിധാരണപ്രകാരം കാലാവധികഴിഞ്ഞിട്ടും തരിയോട് ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാത്തതിനെത്തുടര്‍ന്നാണ് യൂത്ത്‌ലീഗിന്റെ വിമര്‍ശനം. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് പ്രതിനിധാനംചെയ്യുന്ന കല്പറ്റ നിയോജകമണ്ഡലത്തിലെ ഒരു പഞ്ചായത്തിലാണ് ലീഗിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനം നല്‍കാതെ കോണ്‍ഗ്രസ് കബളിപ്പിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നു. കോണ്‍ഗ്രസ് മുന്നണിമര്യാദ പാലിക്കാന്‍ തയ്യാറാവണം. ആവശ്യമെങ്കില്‍ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.
തരിയോട് ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫിലെ മുന്നണിധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യത്തെ മൂന്നരവര്‍ഷം കോണ്‍ഗ്രസിനും ബാക്കിയുള്ള ഒന്നരവര്‍ഷം ലീഗിനുമാണ്. കോണ്‍ഗ്രസിന്റെ പ്രസിഡന്റ്് സ്ഥാനകാലാവധി ജൂണ്‍ 26-ന് അവസാനിച്ചതാണ്. സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് തരിയോട് പഞ്ചായത്ത് കമ്മിറ്റി ജൂണ്‍ ആദ്യവാരംതന്നെ കോണ്‍ഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റിക്ക് കത്തുനല്‍കിയിരുന്നു. ജൂണ്‍ 30-ന് നിലവിലെ പ്രസിഡന്റ് കോണ്‍ഗ്രസിലെ വി.ജി. ഷിബു സ്ഥാനമൊഴിയാമെന്ന് ധാരണയുമായിരുന്നു. എന്നാല്‍, സ്ഥാനമൊഴിയാതെ വന്നതോടെയാണ് മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. ജൂലായ് അഞ്ചിനകം സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് കത്തുനല്‍കിയിട്ടും പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കൂട്ടാക്കിയില്ല. ഈസാഹചര്യത്തില്‍ വിഷയം കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളെ അറിയിക്കണമെന്നാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ ആവശ്യം.
പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും മുന്നണിധാരണപ്രകാരമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടുവര്‍ഷം ലീഗിനും ബാക്കി മൂന്നുവര്‍ഷം കോണ്‍ഗ്രസിനുമാണ്. കാലാവധി കഴിഞ്ഞപ്പോള്‍ത്തന്നെ ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസിന് കൈമാറിയിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും കോണ്‍ഗ്രസ് സ്ഥാനം രാജിവെക്കുന്നത് അകാരണമായി നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ലീഗിന്റെ ആരോപണം.