കൊല്ലം: സി.പി.എം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് മധുരയില്‍ തുടക്കം കുറിക്കും. മധുര തമുക്കം മൈതാനത്തെ (സീതാറാം യെച്ചൂരി നഗര്‍ ) വേദിയില്‍ രാവിലെ 10ന് പി.ബി കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. പുതിയ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുക്കും. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പി.ബി അംഗം എം.എ.ബേബിക്കാണ് മുന്‍ഗണന. ആന്ധ്രയില്‍ നിന്നുള്ള ബി.വി. രാഘവുലു, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവളെ എന്നിവരും പരിഗണനയിലുണ്ട്. 2012 മുതല്‍ പി.ബിയിലുള്ള ഏറ്റവും മുതിര്‍ന്നയാളാണ് എം.എ. ബേബി.
75 വയസ് പ്രായപരിധിയുടെ ഭാഗമായി പി.ബിയില്‍ നിന്ന് ആറും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് 15ഉം നേതാക്കള്‍ മാറി പുതുമുഖങ്ങള്‍ വരും. മുഖ്യമന്ത്രി പിണറായി വിജയന് പി.ബിയില്‍ തുടരാന്‍ ഇളവ് ലഭിക്കുമോയെന്നതും പ്രധാനമാണ്. പ്രായപരിധി കഴിഞ്ഞതിനാല്‍ പിണറായി വിജയന് പി.ബിയില്‍ തുടരാന്‍ സാങ്കേതികമായി കഴിയില്ലെങ്കിലും സി.പി.എം. ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ വീണ്ടും ഇളവ് ലഭിക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും ഇളവ് നേടിയാണ് അദ്ദേഹം തുടര്‍ന്നത്. കൊല്ലത്തു നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി കഴിഞ്ഞവരെ പി.ബിയിലേക്കും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇത് പിണറായിക്ക് ബാധകമാവില്ല. സി.പി.എമ്മിന്റെ പരമോന്നത വേദിയായ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുക.
കേരളത്തില്‍ അധികാരം നിലനിറുത്താനും മറ്റിടങ്ങളില്‍ ജനകീയ അടിത്തറ വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നയരൂപീകരണ ചര്‍ച്ചകള്‍ ആറുവരെ നീളുന്ന സമ്മേളനത്തെ സജീവമാക്കും. പുതിയ ജനറല്‍ സെക്രട്ടറിയെ പ്രഖ്യാപിച്ചുകൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസിനു കൊടിയിറങ്ങുക.
പുതിയ കാലത്തിനനുസൃതമായി പാര്‍ട്ടിയെ പുതുക്കിപ്പണിയാനുള്ള രാഷ്ട്രീയലൈനും അടവു നയങ്ങളും ചര്‍ച്ച ചെയ്യും. കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാതിരിക്കാന്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയെയും മുഖ്യ എതിരാളിയായി കണ്ടുള്ള തന്ത്രങ്ങള്‍ക്കും രൂപം നല്‍കും.