തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ അമരത്തേക്ക് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോര്‍ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു. നാളെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
രാജീവിനെ കൂടാതെ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഉടന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ വിഭാഗങ്ങളെ എത്തിക്കാനുള്ള ശ്രമം വേണമെന്ന് യുവനേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബിഡിജെഎസിനും രാജീവ് ചന്ദ്രശേഖറിനോടായിരുന്നു താല്‍പര്യം. തമിഴ്‌നാട്ടില്‍ അണ്ണാമലൈയെ അധ്യക്ഷനാക്കിയത് പോലെ മധ്യവര്‍ഗത്തിന്റെ പിന്തുണ രാജീവ് ചന്ദ്രശേഖറിലൂടെ കൂട്ടാമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.
സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഒറ്റപേരിലേക്ക് എത്താനാവാത്ത സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം നിര്‍ണ്ണായകമായത്. ക്രൈസ്തവ സഭ നേതാക്കളുമായുള്ള അടുത്ത ബന്ധവും രാജീവ് ചന്ദ്രശേഖറെ പരിഗണിക്കുന്നതിന് കാരണമായി.
കേരളത്തിലെ പല ക്രൈസ്തവ നേതാക്കളുമായി അടുത്ത ബന്ധം രാജീവ് ചന്ദ്രശേഖറിനുണ്ട്. സഭ നേതാക്കളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകളിലും നരേന്ദ്രമോദി രാജീവ് ചന്ദ്രശേഖറെ ഭാഗമാക്കിയിരുന്നു. അവസാന വട്ട ചര്‍ച്ചകളില്‍ ഇതും പരിഗണനാവിഷയമായി. പാര്‍ട്ടിയുടെ വോട്ട് വിഹിതം ഉയര്‍ത്തുകയും തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള തന്ത്രങ്ങള്‍ക്കാവും ബിജെപി കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറും മുന്‍നിര്‍ത്തി രൂപം നല്‍കുക.
രണ്ടു പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു. ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സിന്റെയും നൈപുണ്യ വികസനത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും കംപ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ്.
വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ.ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964ല്‍ അഹമ്മദാബ്ദിലാണു രാജീവിന്റെ ജനനം. കര്‍ണാടകയില്‍നിന്നാണു കേരളത്തിലേക്കുള്ള വരവ്. തൃശൂര്‍ കൊണ്ടയൂരിലാണ് അമ്മവീട്. ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി. 2005ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വിപുലമാക്കി. 2006 മുതല്‍ കര്‍ണാടകയില്‍നിന്ന് തുടര്‍ച്ചയായി 3 തവണ രാജ്യസഭയിലെത്തി. 2021ല്‍ കേന്ദ്രസഹമന്ത്രിയായി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്നു.