തിരുവനന്തപുരം: ഇടുക്കി അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്ന് തുടങ്ങും. ജിയോളജി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുക. 2 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ഉടന്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ മണ്ണടിപ്പാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ഇക്കാര്യത്തിലെ വസ്തുതകള്‍ അന്വേഷിക്കലാണ് പ്രത്യേക സംഘത്തിന്റെ പ്രധാന ദൗത്യം. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാല് ദിവസം കൊണ്ട് സമഗ്ര റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് കലക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ രണ്ടു ദിവസത്തിനകം താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. കെഎസ്ഇബിയുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലേക്കാണ് ഇവരെ മാറ്റുക.










