
ന്യൂഡല്‍ഹി: മൂന്നുവര്‍ഷത്തിനിടെ അമേരിക്ക 48 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരികെ അയച്ചുവെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു മടക്കി അയയ്ക്കല്‍.
ആന്ധ്രയില്‍നിന്നുള്ള ടി.ഡി.പി. എം.പി. ബി.കെ. പാര്‍ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. യു.എസ്. അടക്കം വിവിധ രാജ്യങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം കേന്ദ്രത്തിന്റെ കൈവശമുണ്ടോയെന്നും ഇക്കാര്യത്തില്‍ എന്ത് പരിഹാരനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പാര്‍ത്ഥസാരഥി ആരാഞ്ഞു.
അംഗീകാരമില്ലാതെ തൊഴില്‍ ചെയ്യുക, പഠനം പാതിവഴിയില്‍ നിര്‍ത്തുക, സസ്പെന്‍ഷനും പുറത്താക്കലും, ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് ജോലികളില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെടുക, വിദ്യാര്‍ത്ഥി വിസ റദ്ദാക്കല്‍ എന്നിവ തിരികെ അയക്കാന്‍ കാരണമായിട്ടുണ്ടാവാമെന്നാണ് മന്ത്രി അറിയിച്ചത്.