ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണറും ബി.ജെ.പി. നേതാവുമായ സി.പി. രാധാകൃഷ്ണന് (68) ദേശീയ ജനാധിപത്യ സഖ്യ (എന്‍.ഡി.എ)ത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ഇന്നലെ വൈകിട്ടോടെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള സീനിയര്‍ ബി.ജെ.പി. നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമാണ് രാധാകൃഷ്ണന്. കോയമ്പത്തൂര്‍ മണ്ഡലത്തെ രണ്ടുവട്ടം ലോക്സഭയില്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയിലെ കേന്ദ്ര ആസ്ഥാനത്തുചേര്‍ന്ന ബി.ജെ.പിയുടെ 11 അംഗ പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തത്.
മഹാരാഷ്ട്രാ ഗവര്‍ണറാകുംമുമ്പ് 2023-24 കാലയളവില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായും തെലങ്കാനയുടെ അധികചുമതലയും വഹിച്ചിട്ടുണ്ട്. പുതുച്ചേരി ലഫ്. ഗവര്‍ണറായും സേവനം അനുഷ്ഠിച്ചു. 2024 ജൂലൈ 31 നാണ് മഹാരാഷ്ട്ര ഗവര്‍ണറായത്.
ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നു ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് അടുത്തമാസം ഒന്‍പതിന് നടക്കും. വോട്ടെണ്ണലും അന്നുതന്നെയാണ്. നാമനിര്‍ദേശ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഈമാസം 21. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഈമാസം 25 നാണ്.