- Agriculture

വാണിക്ക് വീണ്ടും കാര്‍ഷിക പുരസ്‌കാരം; 16വര്‍ഷമായി ജൈവകൃഷി

2024 വര്‍ഷത്തെ മികച്ച കര്‍ഷകതിലക പുരസ്‌കാരമാണ് കാര്‍ഷിക ബിരുദധാരിയായ ഹരിപ്പാട് പാലക്കുളങ്ങരമഠം വി. വാണിക്കു ലഭിച്ചത്. ഒരുലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്.

ഹരിപ്പാട്: വാണിയെത്തേടി ഇത്തവണയും കാര്‍ഷിക പുരസ്‌കാരം. കൃഷിവകുപ്പിന്റെ 2024 വര്‍ഷത്തെ മികച്ച കര്‍ഷകതിലക പുരസ്‌കാരമാണ് കാര്‍ഷിക ബിരുദധാരിയായ ഹരിപ്പാട് പാലക്കുളങ്ങരമഠം വി. വാണിക്കു ലഭിച്ചത്. ഒരുലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്.

16 വര്‍ഷമായി ജൈവകൃഷി നടത്തി വരികയാണു വാണി. നഗരത്തിനോടടുത്ത് നാലേക്കര്‍ സ്ഥലത്തായാണ് കൃഷിയിടവും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്. നാടന്‍ വിത്തുകളുടെയും നാട്ടുമരങ്ങളുടെയും സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിലൂന്നിയാണു കൃഷി. നാടന്‍ പശുക്കള്‍, നാടന്‍ മത്സ്യങ്ങള്‍, നാടന്‍ കോഴി, താറാവ്, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഫലവൃക്ഷങ്ങള്‍, 12 ഇനം വാഴകള്‍, ഔഷധച്ചെടികള്‍ തുടങ്ങിയവയെല്ലാം കൃഷിയിടത്തിലുണ്ട്. അപൂര്‍വങ്ങളായ വനസസ്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കലവറ കൂടിയാണ് ഇവിടം. കൃഷിയിടത്തോടു ചേര്‍ന്നുള്ള പ്രകൃതി ജൈവ കലവറ എന്ന ഇക്കോ ഷോപ്പ് ജൈവകര്‍ഷകര്‍ക്കും ജൈവ ഉത്പന്നങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കും വലിയ ആശ്രയമാണ്.

രുചിര പ്രകൃതി ഭക്ഷ്യ ഉത്പന്ന ശാല, വാസു ജൈവാങ്കണം എന്ന ചെറുകിട നഴ്സറി, ജൈവകൃഷി പാഠശാല, ജൈവകര്‍ഷക കൂട്ടായ്മ, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനം, പരിസ്ഥിതി ബോധവല്‍ക്കരണ-സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഇതോടൊപ്പം നടത്തിവരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ വാണിയുടെ കൃഷിയിടം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.

2019 ല്‍ കൃഷിവകുപ്പിന്റെ സംസ്ഥാന യുവകര്‍ഷക അവാര്‍ഡ് വാണിക്കു ലഭിച്ചിരുന്നു. സംസ്ഥാനതല അക്ഷയശ്രീ അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സംസ്ഥാന യുവപ്രതിഭാ പുരസ്‌കാരം, വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, ഞാറ്റുവേല പുരസ്‌കാരം, മികച്ച വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്, മികച്ച സംരക്ഷണ കര്‍ഷകയ്ക്കുള്ള സസ്യജാലം പുരസ്‌കാരം തുടങ്ങിയവയും കിട്ടിയിട്ടുണ്ട്. ഭര്‍ത്താവ് വിജിത്തും ഈ പ്രവര്‍ത്തനങ്ങളില്‍ വാണിക്കൊപ്പമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *

Lokamalayalee @2024. All Rights Reserved.