തിരുവനന്തപുരം: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ തീയതിയില്‍ കേരളത്തില്‍ ജന്മാഷ്ടമി ആഘോഷിക്കുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 2025 ഓഗസ്റ്റ് 16 ന് രാജ്യവ്യാപകമായി ജന്മാഷ്ടമി ആഘോഷിക്കുമ്പോള്‍, ആറ് ആഴ്ചകള്‍ക്ക് ശേഷം സെപ്റ്റംബര്‍ 14നാണെന്നാണ് കേരളത്തിലെ കലണ്ടറുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം ഒരു മാസത്തെ ഈ വ്യത്യാസമാണ് ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
എക്സില്‍ ജന്മാഷ്ടമി ആഘോഷങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്ത്, എന്തുകൊണ്ടാണ് ഫെസ്റ്റിവല്‍ ഇന്ത്യയിലുടനീളം ഒരേപോലെ ആചരിക്കാത്തതെന്ന് ശശി തരൂര്‍ ആരായുന്നു. ”ഇന്നലെ, 16 ഓഗസ്റ്റ്, 2025 (ശനിയാഴ്ച), ഇന്ത്യയിലുടനീളം ഭഗവാന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിച്ചു കേരള സംസ്ഥാനത്തൊഴികെ! മലയാള കലണ്ടര്‍ ഈ വര്‍ഷത്തെ ജന്മാഷ്ടമി തീയതി കാണിക്കുന്നത് 2025 സെപ്റ്റംബര്‍ 14(ഞായറാഴ്ച) ആണ്, ഇന്നലെയല്ല,” അദ്ദേഹം എഴുതി.
”ഇത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും എന്നോട് പറയാമോ? ഭഗവാന് രണ്ട് വ്യത്യസ്ത തീയതികളില്‍ ജനിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. രണ്ട് തീയതികളില്‍ അതുംആറ് ആഴ്ചകള്‍ക്ക് ശേഷം! ഒരു മതത്തിന്റെ എല്ലാ അനുയായികള്‍ക്കും ഒരുമിച്ച് എല്ലാ ഉത്സവങ്ങളും ആഘോഷിക്കാന്‍ കഴിയില്ലേ? എല്ലാത്തിനുമുപരി, കേരളത്തിലെ ജനങ്ങള്‍ വെവ്വേറെ ക്രിസ്മസ് ആഘോഷിക്കുന്നില്ല,” പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നു.
തരൂരിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചക്കു കാരണമായിരിക്കുകയാണ്. ഉത്സവ തീയതികള്‍ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന പ്രാദേശിക കലണ്ടറുകളിലെ വ്യത്യാസങ്ങള്‍ പലരും ചൂണ്ടിക്കാണിക്കുന്നു.