മലപ്പുറം: വെറുമൊരു നീന്തല്‍ക്കുളത്തിനപ്പുറം വിനോദ കേന്ദ്രമാവുകയാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മുട്ടിപ്പടിയിലുള്ള അഞ്ചീനിക്കുളം. കുളത്തിനരികെ കഫേറ്റീരിയ, ശൗചാലയം, ഇരിപ്പിട സൗകര്യം, അലങ്കാര വിളക്കുകള്‍ എന്നിവ കൂടി ലഭ്യമാക്കി സെപ്തംബറില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ രണ്ട് വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന അഞ്ചീനിക്കുളം സൗന്ദര്യവത്ക്കരണം പദ്ധതി വെളിച്ചം കാണും.
നിലവില്‍ അഞ്ചീനിക്കുളത്തില്‍ നവീകരിച്ച കോമ്പൗണ്ട് വാളിനരികെയുള്ള ഹാന്‍ഡ് റെയില്‍ നിര്‍മ്മാണമാണ് നടക്കുന്നത്. കുളത്തിന്റെ അരികുഭിത്തി പടുത്തുയര്‍ത്തുകയും നിലം നിരപ്പാക്കുകയും ചെയ്തു. സമീപത്തെ ചെടികള്‍ വെട്ടി പരിസരം വൃത്തിയാക്കി. ഇന്റര്‍ലോക്ക് നിര്‍മ്മാണമാണ് അടുത്ത ഘട്ടം. തുടര്‍ന്ന്, കഫേറ്റീരിയ, ശൗചാലയം, ഇരിപ്പിട സൗകര്യം, അലങ്കാര വിളക്കുകള്‍ എന്നിവ സ്ഥാപിക്കും. അഞ്ചീനിക്കുളത്തിനടുത്തായി ഓപ്പണ്‍ ജിം പിന്നീട് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 70.5 സെന്റുള്ള സ്ഥലത്ത് 18 സെന്റിലാണ് കുളം. ബാക്കി സ്ഥലം വിനോദത്തിനാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നഗരസഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് 2023 മേയില്‍ പണി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന സിഡ്കോയോട് നിര്‍ദ്ദേശിച്ചത്.
ദേശീയപാതയുടെ കീഴിലുള്ള സ്ഥലത്താണ് പ്രവൃത്തികള്‍ നടക്കുന്നതെന്നും ദേശീയപാതാ വിഭാഗം എന്‍.ഒ.സി നല്‍കിയിട്ടില്ലെന്നും അറിയിച്ച് ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, നഗരസഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു. തുടര്‍ന്ന്, കെ.എസ്.ഐ.ഡി.സിക്ക് പരാതി നല്‍കി. നഗരസഭാ അധികൃതര്‍ ഏറനാട് തഹസില്‍ദാര്‍ക്കും ദേശീയപാതാ വിഭാഗത്തിനും അഞ്ചീനിക്കുളത്തിന്റെ അതിരുകള്‍ നിര്‍ണയിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഒടുവില്‍ കോടതിയെ സമീപിച്ചതോടെ എന്‍.ഒ.സി നല്‍കാന്‍ ഉത്തരവായതിനെ തുടര്‍ന്നാണ് പണി പുനരാരംഭിച്ചത്.