കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ ധ്രുവ ഗവേഷണ കപ്പല്‍ അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാകും. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ കൊല്‍ക്കത്തയിലുള്ള ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് കപ്പല്‍ശാലയില്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങും. മഞ്ഞുമൂടിയ ആര്‍ട്ടിക്, അന്റാര്‍ട്ടിക് ധ്രുവങ്ങളില്‍ ഇന്ത്യ നടത്തുന്ന പര്യവേഷണങ്ങള്‍ക്ക് പുതിയ കപ്പല്‍ മുതല്‍ക്കൂട്ടാകും. ചെലവ് കുറയ്ക്കാനുമാകും. മറ്റു രാജ്യങ്ങളിലെ ചാര്‍ട്ടേഡ് ഗവേഷണ കപ്പലുകളെയാണ് ഇന്ത്യ ഇപ്പോള്‍ ആശ്രയിക്കുന്നത്.
നോര്‍വേയിലെ കോംഗ്സ്ബെര്‍ഗ് മാരിടൈമിന്റെ സാങ്കേതിക സഹായത്തോടെയാണ് നിര്‍മ്മാണം. ധാരണാപത്രമായി. സുസ്ഥിര സമുദ്ര സമ്പദ്വ്യവസ്ഥ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘മഹാസാഗര്‍’ വിഷന്റെ ഭാഗമായാണ് പോളാര്‍ റിസര്‍ച്ച് വെസല്‍ നിര്‍മ്മിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കപ്പല്‍ ഗോവയിലെ നാഷണല്‍ സെന്റര്‍ ഒഫ് പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് ഏറ്റുവാങ്ങും. ആര്‍ട്ടിക്കിനോട് അടുത്തു സ്ഥിതിചെയ്യുന്ന നോര്‍വേയിലെ സ്പിറ്റ്സ്ബെര്ഗന് ദ്വീപില്‍ ഇന്ത്യയ്ക്ക് ബേസ് സ്റ്റേഷനുണ്ട്.