കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി വ്യാജമാണെന്നു തെളിഞ്ഞു. കാറുടമയും പരാതിക്കാരനുമായ യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്‍ ആനക്കുഴിക്കര മായങ്ങോട്ടുചാലില്‍ സ്വദേശി പി.എം.റഹീസ് (35), സുഹൃത്തുക്കളായ ആനക്കുഴിക്കര സ്വദേശി മേലെതെക്കുവീട്ടില്‍ എം. സാജിദ് (37), പൂവാട്ടുപറമ്പിലെ മായങ്ങോട്ടുംതാഴം ജംഷിദ് (42) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പൂവാട്ടുപറമ്പ് കെയര്‍ ലാന്റ് ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിറുത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് ചാക്കില്‍ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും ഉള്‍പ്പെടെ 40,25,000 രൂപ കവര്‍ന്നെന്നായിരുന്നു റഹീസ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസിന് സി.സി.ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. സ്‌കൂട്ടറില്‍ രണ്ടുപേര്‍ വന്ന് കാറിന്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതായും കാറില്‍ നിന്ന് എന്തോ സാധനം എടുത്ത് ഓടിപ്പോകുന്നതായും കണ്ടു.
ബംഗളൂരുവിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യാപിതാവ് കേരളത്തില്‍ സ്ഥാപനത്തിന്റെ ശാഖകളിലേക്ക് കൊടുക്കാനായി പലപ്പോഴായി അയച്ചുകൊടുത്ത 40 ലക്ഷം രൂപ റഹീസ് ധൂര്‍ത്തടിച്ചു. പണം മടക്കി നല്‍കാന്‍ കഴിയാതെ വന്നതോടെ കവര്‍ച്ച നടന്നതായി വരുത്തുകയായിരുന്നു പ്രതിയെന്ന് എ.സി.പി ഉമേഷ് അറിയിച്ചു. മോഷണനാടകം നടത്താന്‍ സുഹൃത്തുക്കളായ രണ്ടു പേര്‍ക്ക് 90,000 രൂപയാണ് റഹീസ് ക്വട്ടേഷന്‍ നല്‍കിയത്. കാറിനകത്ത് പണമില്ലായിരുന്നെന്നും പകരം ചാക്കില്‍ പേപ്പര്‍ നിറച്ചായിരുന്നു നാടകമെന്നും തുകയുടെ ഉറവിടം പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വ്യാജ പരാതി നല്‍കിയതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.